binu
ബിനുവിന്റെ കഴുത്തിൽ സൂര്യതാപമേറ്റുണ്ടായ പൊള്ളൽ.

രാജാക്കാട്: പഴയവിടുതിയിൽ പാവൽത്തോട്ടത്തിൽ പണികൾ ചെയ്യുകയായിരുന്ന യുവ കർഷകന് സൂര്യാഘാതമേറ്റു. വെള്ളാപ്പാറയ്ക്കൽ ബിനുവിനാണ് കഴുത്തിൽ പൊള്ളലേറ്റത്. പാവൽ തടത്തിൽ മണ്ണിട്ട ശേഷം വീട്ടിൽ എത്തിയപ്പോൾ കഴുത്തിൽ കടുത്ത നീറ്റലും പുകച്ചിലും അനുഭവപ്പെട്ടു. തുടർന്ന് രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോളാണ് സൂര്യാഘാതമാണെന്ന് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച തകിടിയേൽ മാത്യുവിന് പിൻകഴുത്തിൽ സൂര്യാഘാതമേറ്റിരുന്നു. വലിയകണ്ടം പാടശേഖരത്തോട് ചേർന്നുള്ള വാഴത്തോട്ടത്തിൽ രാവിലെ വാഴകൾ നനച്ചതിന് ശേഷം പത്തോടെ വീട്ടിലെത്തി കുളിക്കുമ്പോൾ പിൻകഴുത്തിൽ കടുത്ത നീറ്റലും പുകച്ചിലും അനുഭവപ്പെട്ടു. വൈകാതെ പൊള്ളലേറ്റതുപോലെ കരുവാളിച്ച് തൊലി ഇളകുകയും ചെയ്തു. ആശുപത്രിയിലെത്തിയപ്പോളാണ് സൂര്യാഘാതം ഏറ്റതാണെന്ന് തിരിച്ചറിഞ്ഞത്. ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പും സർക്കാരിന്റെ നിർദ്ദേശവും ഉണ്ടെങ്കിലും അവയെല്ലാം അവഗണിച്ച് നട്ടുച്ചയ്ക്കും കാർഷിക കെട്ടിട നിർമ്മാണ മേഖലകളിൽ ജോലികൾ നടക്കുകയാണ്.