joice-nomination

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രികാസമർപ്പണത്തിന്റെ ആദ്യ ദിനം തന്നെ ഇടുക്കി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് പത്രിക സമർപ്പിച്ചു. ഇന്നലെ 12.15ന് ജില്ലാ വരണാധികാരിയായ കളക്ടർ എച്ച്. ദിനേശൻ മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടർന്ന് സത്യപ്രസ്താവനയും നടത്തി. ഒരു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. സ്ഥാനാർത്ഥി കെട്ടി വയ്‌ക്കേണ്ട തുകയായ 25000 രൂപ പണമായി പത്രികയോടൊപ്പം നൽകി. സ്വതന്ത്ര സ്ഥാനാർത്ഥി ആയതിനാൽ പത്തു പേരാണ് പിന്താങ്ങിയിട്ടുള്ളത്. സ്ഥാനാർത്ഥിക്കൊപ്പം മന്ത്രി എം.എം. മണി, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, സി.പി.എം എറണാകുളം ജില്ലാ മുൻ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.