ഇടുക്കി: കോടിക്കുളം, പടി. കോടിക്കുളം, ചെറുതോട്ടിൻകര, കോലാനി, മണക്കാട്, പൂമാല, പന്നിമറ്റം, കാഞ്ഞിരമറ്റം, കുമ്പംകല്ല്, വെള്ളിയാമറ്റം, മാർത്തോമ എന്നീ പ്രദേശങ്ങളിൽ ആന്റി ഡിഫേയ്സ്‌മെന്റ് സ്‌ക്വാഡ് നിരീക്ഷണം നടത്തി പൊതുസ്ഥലത്ത് സ്ഥാപിച്ച 521 പോസ്റ്ററുകൾ, 30 കൊടികൾ, ആറ് ഫ്ളക്സുകൾ, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച 10 ഫ്ളക്സ് ബോർഡുകൾ എന്നിവ നീക്കം ചെയ്തു. ചപ്പാത്ത് വെള്ളാരംകുന്ന് റൂട്ടിൽ ചെങ്കരയിൽ മാവേലി സ്റ്റോറിന്റെ ചുമരിൽ പതിച്ചിരുന്ന പോസ്റ്റർ, പുതുക്കാട് വെയിറ്റിംഗ് ഷെഡിൽ പതിച്ചിരുന്ന പോസ്റ്റർ എന്നിവ പീരുമേട് അസംബ്ലി എം.സി.സി ആന്റ് ആന്റി ഡിഫേയ്സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.
ചട്ടലംഘനം - ജീവനക്കാരനെതിരെ നടപടി
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തതു സംബന്ധിച്ച് സി.വിജിലിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തപാൽ ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചു.
കന്നി വോട്ടർമാർക്ക് വോട്ടിംഗ് പരിശീലം നൽകി
ഇടുക്കി: ലോക്സഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർത്തുന്നതിനും കന്നി വോട്ടർമാർക്ക് വോട്ടിംഗ് പരിശീലനം നൽകുന്നതിനുമായി സ്വീപ്പിന്റെ നേതൃത്വത്തിൽ മൂന്നാർ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക വോട്ടിംഗ് പരിശീലനം നൽകി. ദേവികുളം ആർ.ഡി.ഒ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി സബ്‌കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പുതിയ വോട്ടിംഗ് യന്ത്രത്തിന്റെയും വിവി പാറ്റ് സംവിധാനത്തിന്റെയും പ്രവർത്തനം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ച് നൽകി. അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 160 പേർ വോട്ടിംഗ് പരിശീലനം നേടി. ഇതിൽ 90 വിദ്യാർത്ഥികളും കന്നി വോട്ടർമാരാണ്. ഇലക്ഷൻ നോഡൽ ഓഫീസർ എസ്.രമേഷ് സ്വീപ്പ് ടിം അംഗങ്ങളായ ജോർജ് പി എ ,സന്തോഷ് എസ്, റോണി ജോസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വോട്ടെടുപ്പ് ബോധവത്കരണത്തിന് വിവിധ പരിപാടികൾ
ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സ്വീപ് ആക്ഷൻ പ്ലാനിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലിന് അടിമാലി പഞ്ചായത്ത് പരിസരത്ത് മച്ചിപ്ലാവ് കാർമൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന സംഘഗാനം, അടിമാലി കാർമ്മൽഗിരി കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തെരുവുനാടകം, ഒഴുവത്തടം ആദിവാസി കോളനിയിലെ മുതുവാൻ സമുദായം അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തം, വോട്ടിംഗ് മെഷീൻ വിവിപാറ്റ് പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിക്കും.
ഹരിത തിരഞ്ഞെടുപ്പിനായി കൈപുസ്തകം
ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു ഹരിത തിരഞ്ഞെടുപ്പാക്കുന്നതിന് മുന്നോടിയായി ഹരിതചട്ടപാലനം - സംശയങ്ങളും മറുപടികളും എന്ന പേരിൽ ഹരിത കേരള മിഷൻ തയ്യാറാക്കിയ കൈപുസ്തകം വിതരണം ചെയ്തു. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന പ്രകൃതി സൗഹാർദ്ദ സാമഗ്രികളും ഇതു സംബന്ധിച്ച സംശയങ്ങൾക്ക് മറുപടിയും നൽകുംവിധം രേഖാചിത്രരൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ ഫ്ളക്സും അജൈവ വസ്തുക്കളും ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്, പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ ഉത്തരവ് എന്നിവയുടെ പകർപ്പുകളും കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വോട്ട് പ്രോത്സാഹിപ്പിക്കാൻ വോട്ട് മതിൽ
ഇടുക്കി: വോട്ട് ചെയ്യാൻ സമ്മതിദായകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്വീപ്പിന്റെ നേതൃത്വത്തിൽ വോട്ട് മതിൽ നടത്തും. 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴയിൽ വോട്ടു മതിലിന്റെ ഉദ്ഘാടനം സിനിമാതാരം ഗിന്നസ് പക്രു നിർവ്വഹിക്കും. തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പ് തൊടുപുഴയിൽ സജ്ജീകരിക്കുന്ന വലിയ കാൻവാസിൽ പൊതുജനങ്ങൾക്ക് ഒപ്പു രേഖപ്പെടുത്താം. ഇത്തരത്തിൽ വോട്ടു ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്ന യത്നത്തിൽ താനും പങ്കാളിയാകുന്നെന്ന് ഓരോരുത്തർക്കും വ്യക്തമാക്കാനുള്ള അവസരമാണ് വോട്ട് മതിലിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.