തൊടുപുഴ: ഈ ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മാർക്സിസ്റ്റുകാർക്ക് 'അരിവാൾ ചുറ്റിക' ചിഹ്നത്തിൽ വോട്ട് ചെയ്യാനുള്ള അവസരം ഇല്ലാതാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. എൻ.ഡി.എ ഇടുക്കി ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഷ്ടിച്ച് നാലോ അഞ്ചോ സീറ്റിൽ മാത്രം വിജയസാധ്യതയുള്ള സി.പി.എമ്മിന്റെ ദേശിയപാർട്ടിപദവി എന്നന്നേക്കുമായി നഷ്ടമാകാൻ പോവുകയാണ്. 2000 ൽ പ്രധാനമന്ത്രി അടൽബിഹാരി വാജപേയി കാണിച്ച ഔദാര്യം കൊണ്ടുമാത്രമാണ് അവർ ദേശിയപാർട്ടി പദവി നിലനിറുത്തിയത്. പിന്നീട് 2004 ൽ വാജ്പേയിയെ അവർ തിരിഞ്ഞുകുത്തി നന്ദികേട് കാട്ടുകയും ചെയ്തു. ഏതൊരു പാർട്ടിക്കും ദേശിയ പദവി ലഭിക്കാൻ നാല് സംസ്ഥാനങ്ങളിൽ നിന്ന് എം.പിമാരും ആറ് ശതമാനം വോട്ടും നേടണമെന്നായിരുന്നു 2000ന് മുമ്പുണ്ടായിരുന്ന വ്യവസ്ഥ. അന്ന് 4 ശതമാനംമാത്രം വോട്ടുനേടിയ സി.പി.എമ്മിന് ദേശിയപാർട്ടി പദവി നഷ്ടമാകുന്ന അവസ്ഥയുണ്ടായപ്പോൾ വാജ്പേയിയുടെ കാലുപിടിച്ച് നിയമം ഭേദഗതി ചെയ്യിച്ചു. പിന്നീട് മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് എം.പിമാരും ആകെ പോൾ ചെയ്തതിന്റെ രണ്ട് ശതമാനം വോട്ടും കിട്ടിയാൽ ദേശീയപദവി നിലനിറുത്താമെന്നായി. എന്നാൽ ഇത്തവണ ആകെ നാലോ അഞ്ചോ സീറ്റിൽമാത്രം വിജയിക്കുന്ന സി.പി.എമ്മിനെ ആര് വിചാരിച്ചാലും രക്ഷിക്കാനാവില്ല. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക വളർച്ചയെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾ കുറ്റകരമായ മൗനം പാലിക്കുകയാണ്. ബ്രിട്ടനെപ്പോലും പിന്തള്ളി ഇന്ത്യ ഇന്ന് ലോകനിലവാരത്തിൽ അഞ്ചാം സ്ഥാനത്താണ്. നോട്ട് നിരോധനത്തിന് ശേഷം 5.7 ശതമാനായിരുന്ന വളർച്ചാനിരക്ക് ഇപ്പോൾ 7.3 ശതമാനത്തിലെത്തി. ഈ കാര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇടതുപക്ഷവും കോൺഗ്രസും പരസ്യസംവാദത്തിന് തയ്യാറാകണം. നോട്ട് നിരോധനത്തിന് ശേഷം വളർച്ചാനിരക്ക് താഴേക്ക് പോകുമെന്നും അതിൽ ആശങ്ക വേണ്ടെന്നും പ്റധാനമന്ത്രിയും ധനമന്ത്രിയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും ആ സമയത്ത് 5.7 ശതമാനത്തിലേക്ക് താഴ്ന്നപ്പോൾ ബഹളമുണ്ടാക്കിയ ഇടതുപക്ഷ ബുദ്ധിജീവികളൊക്കെ ഇപ്പോൾ എവിടെപ്പോയെന്നറിയില്ല. നരേന്ദ്രമോദിയെ വർഗീയവാദിയായി ചിത്രീകരിക്കുന്നവർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദ്ദേഹം നടത്തിയ ഏതെങ്കിലും പ്രസംഗത്തിൽ ഹിന്ദുത്വത്തിന് വേണ്ടി വാദിച്ചതായി തെളിയിക്കണം. രാജ്യത്ത് സുരക്ഷിത മണ്ഡലം തേടി പരക്കംപായുന്ന രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ നിലംപരിശാകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഒളമറ്റം മൗര്യ ഗാർഡൻസിൽ നടന്ന കൺവെൻഷനിൽ ബി.ഡി.ജെ.എസ് ജില്ലാ പ്രസി‌ഡന്റും എൻ.ഡി.എ ജില്ലാ കൺവീനറുമായ പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എം. വേലായുധൻ, സ്ഥാനാർത്ഥി ബിജു കൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസി‌ഡന്റ് ബിനു ജെ. കൈമൾ, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി കെ.പി. ഗോപി, കേരളകോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. മാത്യു തോട്ടുങ്കൽ, നാഷണലിസ്റ്റ് കേരളകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു, ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു. പി.എ. വേലുക്കുട്ടൻ സ്വാഗതം പറഞ്ഞു.