ഇടുക്കി: വണ്ടിപ്പെരിയാർ, പീരുമേട് പഞ്ചായത്തുകളുടെ അതിർത്തി കേന്ദ്രമായ ഗ്ലൻമേരി പ്രദേശത്തേയ്ക്ക് റോഡ് നിർമ്മിച്ചതിന് പ്രതിഫലമായി ജോയ്സിന് കെട്ടിവയ്ക്കാൻ പണം നൽകി ഗ്രാമവാസികൾ. പ്രധാനമന്ത്രി ഗ്രാം സടക് യോജനയിൽ (പി.എം.ജി.എസ്.വൈ) ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. മല നിരകളിലേയ്ക്ക് റോഡ് ഇല്ലാത്തതിനെ തുടർന്ന് നാൽപതോളം യുവാക്കളുടെ വിവാഹം മുടങ്ങിയിരുന്നു. എന്നാൽ വഴി എത്തിയതോടെ വിവാഹാലോചനകൾ തകൃതിയായി. ഒട്ടേറെ പേരുടെ വിവാഹം നടന്നു. ജോയ്സ് നാമനിർദേശ പത്രികയോടൊപ്പം കെട്ടിവയ്ക്കുന്നതിനുള്ള പണം നൽകാൻ മ്ലാമലക്കാർ സ്വമേധയാ ആണ് മുന്നോട്ട് വന്നത്. ഗ്രാമവാസികൾ ഇ.എസ് ബിജിമോൾ എം.എൽ.എ യോടൊപ്പമാണ് പൈനാവിലേയ്‌ക്കെത്തിയത്. രാവിലെ പതിനൊന്നോടെ രണ്ട് വാഹനത്തിലായാണ് എം.എൽ.എയ്‌ക്കൊപ്പം എത്തിച്ചേർന്നത്. പൈനാവ് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പണം ജോയ്സ് ജോർജിന് കൈമാറി. വൈദ്യുതി മന്ത്രി എം.എം. മണി, എം.എൽ.എമാരായ എസ്. രാജേന്ദ്രൻ, എൽദോ എബ്രഹാം, ആന്റണി രാജു തുടങ്ങിയവർ പങ്കെടുത്തു.
ജോയ്സ് ജോർജ് ഇന്ന് അറക്കുളത്തും കുടയത്തൂരും
ജോയ്സ് ഇന്ന് ഇടുക്കി മണ്ഡലത്തിലെ അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ ഏഴിന് മുത്തിയുരുണ്ടയിൽ നിന്നാണ് തുടക്കം. തുടർന്ന് കുളമാവ്, കുടയത്തൂർ അറക്കുളം പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകിട്ട് മൂലമറ്റത്ത് സമാപിക്കും. നാളെ ശനിയാഴ്ച മൂവാറ്റുപുഴയിൽ പര്യടനം നടത്തും.