മറയൂർ: ഡീൻ കുര്യാക്കോസ് മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ മിന്നൽ പര്യടനം നടത്തി. നോമിനേഷൻ സമർപ്പിക്കുന്നതിന് മുമ്പ് കോൺഗ്രസ് ശക്തികേന്ദ്രമായ മറയൂർ, കാന്തല്ലൂർ മേഖലയിൽ പ്രമുഖരെ കണ്ട് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുന്നതിനായിട്ടാണ് എത്തിയത് എന്ന് ഡീൻ പറഞ്ഞു. ദേവികുളം ബ്ലോക്കിലെ ഒന്നാം നമ്പർ ബൂത്തായ പെരിയ കുടി ഗോത്രവർഗ്ഗ കോളനിയിലെത്തി വോട്ടഭ്യർത്ഥിച്ചു. ഈ മേഖലയിലെ ഡീനിന്റെ ഔദ്യോഗിക പര്യടനം അടുത്ത ദിവസങ്ങളിൽ നടക്കുമെങ്കിലും മറയൂരിലെ പ്രമുഖരായ സ്വാധീനമുള്ള വ്യക്തികളെ കണ്ട് നേരിട്ട് സഹായമഭ്യർത്ഥിച്ചു. വിവിധ ദേവാലയങ്ങൾ, എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ്, നാടാർ സമുദായ നേതാക്കൾ, വ്യാപാരി സംഘടന ഭാരവാഹികൾ എന്നിവരെ സന്ദർശിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, ബ്ലോക്ക് പ്രസിഡന്റ് ആൻസി ആന്റണി, മറയൂർ മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് എൻ. ആരോഗ്യദാസ്, വൈസ് പ്രസിഡന്റ് റെജിന ജോസഫ്, ദീപാ അരുൾ ജ്യോതി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ. മണി എന്നിവർ ഒപ്പമുണ്ടായിരുന്നു.