ഇടുക്കി: ഇടുക്കി ലോക്സഭാമണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജിന്റെ സ്വകാര്യസ്വത്തിന്റെ ഇരട്ടിയോളം ഭാര്യയ്ക്ക് സ്വന്തം. ഇന്നലെ നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച രേഖയിലാണ് സ്വകാര്യ സ്വത്തുവിവരം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തംപേരിൽ 59.87 ലക്ഷം രൂപയുടെ സ്വത്തുക്കൾ മാത്രമുള്ളപ്പോൾ സ്കൂൾ അദ്ധ്യാപിക കൂടിയായ ഭാര്യ അനുപ മാത്യുവിന് 1.03 കോടിയുടെ ആസ്തിയുണ്ട്. കൈവശഭൂമിയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. സ്ഥാനാർത്ഥിക്ക് സ്വയാർജിത സ്വത്തായി കൊട്ടക്കമ്പൂരിൽ 3.97 ഏക്കർ ഭൂമിമാത്രമുള്ളപ്പോൾ ഭാര്യയുടെ പേരിൽ പുളിയന്മലയിൽ 4 ഏക്കറും കൊട്ടക്കമ്പൂരിൽ 3.90 ഏക്കറുമുണ്ട്. ജീവിത പങ്കാളിക്ക് 107 പവനും ജോയിസിന് 7ന് പവനുമാണ് സ്വർണാഭരണങ്ങളുള്ളത്.
15.86 ലക്ഷംരൂപ വിലയുള്ള ഇന്നോവ കാർ സ്ഥാനാർത്ഥിക്ക് സ്വന്തമാണ്. ജോയിസ് ജോർജിന് 21,69,687.5 രൂപയുടെ ബാധ്യതയും ഭാര്യയുടെ പേരിൽ 10,28,587.5 രൂപയുടെ ബാധ്യതയുമുണ്ട്. സ്ഥാനാർത്ഥിക്ക് എറണാകുളം മാമംഗലത്തും ഭാര്യക്ക് പുളിയന്മലയിലും കൂട്ടുടമസ്ഥാവകാശത്തിൽ വീടുകളുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥിയുടെ കൈവശം 7000 രൂപയും ജീവിതപങ്കാളിയുടെ പക്കൽ 5000 രൂപയുമുണ്ടായിരുന്നു. സ്ഥാനാർത്ഥിക്ക് എസ്.ബി.ഐ പാർലമെന്റ് ശാഖ, ധനലക്ഷ്മി ബാങ്ക് എറണാകുളം ബാർകൗൺസിൽ ശാഖ, ഫെഡറൽ ബാങ്ക് ഗിരിനഗർ ശാഖ എന്നിവിടങ്ങളിലായി 332685.64 രൂപയുടെയും ജീവിപങ്കാളിക്ക് കട്ടപ്പന എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ അഞ്ച് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 158200 രൂപയുടെ ചിട്ടിയും യൂണിയൻ ബാങ്ക്, എസ്.ബി.ഐ കട്ടപ്പന എന്നിവിടങ്ങളിലായി 34755.93 രൂപയുടെ നിക്ഷേപവുമുണ്ട്. ജോയിസിന് 15,70,000 രൂപയുടെ ലൈഫ് ഇൻഷുറൻസും ഭാര്യയ്ക്ക് രണ്ട് ലക്ഷം രൂയുടെ ഇൻഷുറൻസ് പോളിയും 53585 രൂപയുടെ പോസ്റ്റൽ സേവിംഗ്സുമുണ്ട്.
ക്രിമിനൽ കേസ് ഇരട്ടിയിലേറെയായി
2014 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ നാല് ക്രിമിനൽ കേസുകൾ മാത്രമുണ്ടായിരുന്ന ജോയിസിന്റെ പേരിൽ നിലവിൽ ഒമ്പത് കേസുകളുണ്ട്.
വാങ്ങിയവിലയിൽ രണ്ട് ലക്ഷത്തിന്റെ കുറവ്
2014ൽ സ്ഥാനാർത്ഥിയുടെ പേരിൽ 30.5 ലക്ഷംരൂപയുടെയും ജീവിതപങ്കാളിക്ക് 65.5 ലക്ഷത്തിന്റേയും സ്ഥാവരവസ്തുക്കളുണ്ടിയിരുന്നത് 2019ൽ യഥാക്രമം 33 ലക്ഷവും, 68 ലക്ഷവുമായി ഉയർന്നതായാണ് കാണിച്ചിരിക്കുന്നത്. എന്നാൽ അഞ്ച് വർഷം മുമ്പ് സ്ഥാനാർത്ഥിയുടെ സ്വയാർജിത സ്ഥാവരവസ്തുക്കളുടെ വാങ്ങൽ വില 30.5 ആയിരുന്നത് ഇപ്പോൾ 29.5 ലക്ഷവും, ജീവിതപങ്കാളിയുടെ പേരിലുള്ള വസ്തുവിന്റെ വാങ്ങൽവില 50.5 ലക്ഷമായിരുന്നത് 49.5 ലക്ഷവുമായി കുറഞ്ഞു.