രാജാക്കാട്: വരയാടുകളുടെ പ്രജനന കാലം പ്രമാണിച്ച് അടച്ച മൂന്നാർ രാജമല സന്ദർശകർക്കായി തുറന്നു. മലഞ്ചെരിവുകളിലൂടെ അമ്മമാർക്കൊപ്പം തുള്ളിക്കളിയ്ക്കുന്ന വരയാടിൻ കുട്ടികളെ അടുത്തുനിന്ന് കാണാനും സെൽഫിയെടുക്കാനും സന്ദർശകർ എത്തി തുടങ്ങി. ഇരവികുളം ദേശീയോദ്യാനത്തിൽ ഈ സീസണിൽ പുതുതായി 72 വരയാട്ടിൻകുട്ടികൾ പിറന്നതായാണ് വനം വന്യജീവി വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. പ്രജനന സീസണിൽ പിറക്കുന്ന കുട്ടികളുടെ സംരക്ഷണാർത്ഥം ഫെബ്രുവരി ആദ്യവാരമാണ് പാർക്ക് അടച്ചത്. മാർച്ച് 20ന് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരാഴ്ച വൈകി ഇപ്പോഴാണ് തുറന്നത്. പാറക്കെട്ടുകളിലും പുൽമേടുകളിലും മുതിർന്ന വരയാടുകൾക്കൊപ്പം തുള്ളി കളിക്കുന്ന കുഞ്ഞിയാടുകൾ കാണികളിൽ കൗതുകം നിറയ്ക്കും. ചോല ദേശിയോദ്യാനം, മീശപ്പുലിമല, കെളുക്കുമല, മറയൂർ, മാങ്കുളം, മൂന്നാർ ടെറട്ടോറിയിൽ തുടങ്ങിയ 31 ബ്ളോക്കുകളിൽ വരയാടുകളുടെ സാന്നിദ്ധ്യമുണ്ട്. മേയ് ആദ്യവാരത്തിൽ നടക്കുന്ന കണക്കെടുപ്പിൽ മാത്രമാണ് മേഖലയിൽ എത്ര കുട്ടികൾ പിറന്നിട്ടുണ്ടെന്ന് കൃത്യമായി തിട്ടപ്പെടുത്താനാകൂ. രാജമലയിൽ മാത്രം കഴിഞ്ഞ തവണ 69 കുഞ്ഞുങ്ങളാണ് പിറന്നത്. ഇവിടെ 700 മുതൽ 750 വരെ മുതിർന്ന ആടുകൾ ഉണ്ടാകുമെന്നാണ് അധികൃതരുടെ നിഗമനം. കഴിഞ്ഞ വർഷത്തെ സെൻസസ് അനുസരിച്ച് മൂന്നാർ മേഖലയിൽ മാത്രം 1101 വരയാടുകളാണ് ഉണ്ടായിരുന്നത്. തൊട്ട് തലേ വർഷത്തേക്കാൾ 250 എണ്ണം കൂടുതലാണിത്.