തൊടുപുഴ: വിധവകളായിട്ടുള്ള മുഴുവൻ സ്ത്രീകളും പുനർവിവാഹം നടത്തിയിട്ടില്ലെന്നുള്ള സർട്ടിഫിക്കറ്റ് വാങ്ങി നൽകിയാലേ ഏപ്രിൽ മാസം മുതൽ വിധവപെൻഷൻ നൽകൂവെന്ന നിർദ്ദേശം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള വിധവ വയോജനക്ഷേമസംഘം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ആവശ്യപ്പെട്ടു. പുറപ്പുഴ പഞ്ചായത്തു സമ്മേളനവും ഐഡിന്റിറ്റി കാർഡ് വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ നിർദ്ദേശം വന്ന നാൾ മുതൽ 90 വയസുകഴിഞ്ഞ വിധവകൾ പോലും ആഫീസുകൾ കയറി ഇറങ്ങുകയാണ്. 50 വയസിൽ താഴെയുള്ളവർ മാത്രം പുനർവിവാഹം നടത്തിയിട്ടില്ലെന്നുള്ള സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനം എടുക്കണം. ഇതു സ്ഥലത്തെ പഞ്ചായത്ത് മെമ്പർമാരിൽ നിന്ന് വാങ്ങി നൽകിയാൽ മതിയെന്നും തീരുമാനിക്കണം. അമ്പി ടോമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലളിത ഗോപി വഴിത്തല (ജില്ലാ പ്രസിഡന്റ്), വിജയകുമാരി (സെക്രട്ടറി), ഗ്രേസി ചാക്കോ, രത്നമ്മ തങ്കപ്പൻ, ഡോളി ജോയി എന്നിവർ പ്രസംഗിച്ചു.