maalinyam
ഖജനപാറ റോഡരികിലെ മാലിന്യ നിക്ഷേപം

രാജാക്കാട്: കുടിയേറ്റത്തിന്റെയും തോട്ടം തൊഴിലാളികളുടെ അതിജീവനപ്പോരാട്ടങ്ങളുടെയും കഥകൾ പേറുന്ന ഖജനാപ്പാറ ഇന്ന് മാലിന്യങ്ങളുടെ ഖജനാവായി മാറി. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും ഏലത്തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കീടനാശിനികളുടെ ഒഴിഞ്ഞ കുപ്പികളും പാത്രങ്ങളും ഉൾപ്പെടെ ടൗണിലും റോഡരികിലും കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുകയാണ്. കുംഭപ്പാറ, ബൈസൺവാലി, മുട്ടുകാട് എന്നിവിടങ്ങളിലേയ്ക്കുള്ള പാതകളുടെ ഓരങ്ങളിലാണ് മാലിന്യക്കൂമ്പാരങ്ങളേറെയും. ശുചിത്വ മിഷന്റെ സഹായത്തോടെ ടൗണിൽ രണ്ടിടങ്ങളിൽ പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന ഏയ്‌റോബിക് കംപോസ്റ്റ് യൂണിറ്റുകളുടെ ചുവട്ടിലും പരിസരത്തും പോലും പാഴ്‌വസ്തുക്കൾ കുന്നുകൂടി കിടക്കുകയാണ്. കുംഭപ്പാറ റൂട്ടിൽ പഞ്ചായത്ത് കുളത്തിനും കുഴൽ കിണറിനും സമീപവും ബൈസൺവാലി റോഡിൽ അംഗൻവാടിക്ക് അടുത്തുമാണ് മാലിനവസ്തുക്കൾ കൂടുതലും നിക്ഷേപിക്കുന്നത്. ഈ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള മലിന വസ്തുക്കൾ ചാക്കുകളിൽ നിറച്ച് വാഹനങ്ങളിൽ കയറ്റിക്കൊണ്ട് വന്ന് വെള്ളിവിളന്താൻ ഭാഗത്ത് റോഡരികിൽ നിക്ഷേപിക്കുന്നുമുണ്ട്.