രാജാക്കാട്: രാജ്യത്ത് ആദ്യമായി ബി.എസ്.എൻ.എൽ 4ജി സേവനം നടപ്പിലാക്കിയ നാല് കേന്ദ്രങ്ങളിൽ ഒന്നായ സേനാപതിയിൽ ഉപഭോക്താക്കൾ നാളുകളായി പരിധിയ്ക്ക് പുറത്ത്. മികച്ച ഡേറ്റ സേവനം ലക്ഷ്യമാക്കി തുടക്കമിട്ടതാണ് 4ജി സേവനമെങ്കിലും ഇന്റർനെറ്റ് വേഗത 2ജിയിലും കുറവാണ്. ടവറിന്റെ പരിധിയിൽ വരുന്ന സേനാപതി ടൗൺ, പള്ളിക്കുന്ന്, അഞ്ചുമുക്ക്, വട്ടപ്പാറ എന്നിവിടങ്ങളിൽ തീരെ റേഞ്ച് ഇല്ല. മൊബൈൽ നമ്പരുകളിലേയ്ക്ക് വിളിച്ചാൽ മിക്കപ്പോഴും കിട്ടാറില്ല. അഥവ കിട്ടിയാൽ തന്നെ സംസാരം അവ്യക്തമാകുകയും ഇടയ്ക്ക് വച്ച് മുറിഞ്ഞുപോകുകയും ചെയ്യും. കസ്റ്റമർ കെയറിൽ പരാതിപ്പെടുന്നവർക്ക് സമുദ്രാന്തർഭാഗത്തുകൂടി കടന്നു പോകുന്ന അന്താരാഷ്ട്ര കേബിൾ ശൃംഖലയിലെ തകാരാറാണ് കാരണമെന്നും ഉടൻ ശരിയാകുമെന്നുമുള്ള മറുപടിയാണ് ലഭിയ്ക്കാറുള്ളത്. ഇതോടെ ഭൂരിഭാഗം ഉപഭോക്താക്കളും സ്വകാര്യ കമ്പനികളുടെ സിമ്മിലേയ്ക്ക് മാറുകയോ, പോർട്ട് ചെയ്യുകയോ ആണ്.