പൂമാല: ജില്ലയിലെ പൊതുവിദ്യാഭ്യാസ- സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പൂമാല ഗവ. ട്രൈബൽ സ്‌കൂൾ ചിത്രകലാ അദ്ധ്യാപകൻ വി.വി ഷാജി സർവീസിൽ നിന്ന് വിരമിക്കുന്നു. 2018 മുതൽ ക്ലബിംഗ് അടിസ്ഥാനത്തിൽ പൂമാല സ്‌കൂളിലും ദേവിയാർ സ്‌കൂളിലുമായി ജോലി ചെയ്തു വന്നിരുന്ന അദ്ദേഹം നീണ്ട 34 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ധ്യാപക രംഗത്ത് നിന്ന് വിരമിക്കുന്നത്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് ചിത്രകലയിൽ പോസ്റ്റ് ഡിപ്ലോമ നേടിയ അദ്ദേഹം 1984 സെപ്തംബർ 12 ന് നെടുങ്കണ്ടം ഗവ. ഹൈസ്‌കൂളിൽ ചിത്രകലാ അദ്ധ്യാപകനായാണ് സർവീസിൽ പ്രവേശിച്ചത്. 2000 ജനുവരി അഞ്ച് മുതൽ പൂമാല ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിലുണ്ട്. ജില്ലയിലെ മികച്ച സ്‌കൂളിലൊന്നാക്കി ഒരു ട്രൈബൽ വിദ്യാലയത്തെ മാറ്റാൻ ആകർഷണീയമായ പല പദ്ധതികൾക്കും അദ്ദേഹം നേതൃത്വം കൊടുത്തു. സാക്ഷരതാ പ്രവർത്തനത്തിൽ ഉടുമ്പൻഞ്ചോല പ്രോജക്ട് ഓഫീസറായും ജനകീയാസൂത്രണം സംസ്ഥാന റിസോഴ്സ് പേഴ്സണായും ഇൻഫർമേഷൻ കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്ററായും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ എസ്.സി.ഇ.ആർ.ടി ശിൽപശാലകളിൽ പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്. കെ.എസ്.ടി.എയുടെ യൂണിറ്റ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച അദ്ദേഹം ജില്ലാ കമ്മിറ്റിയംഗമായാണ് വിരമിക്കുന്നത്. പുരോമന കലാസാഹിത്യ സംഘമായും വിവിധ സാംസ്‌കാരിക സംഘനടകളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ സംസ്ഥാന ട്രഷററായിരുന്നു. ''തനിമ ചാരിറ്റബിൾ ട്രസ്റ്റ്'' മികച്ച അദ്ധ്യാപകനുള്ള അവാർഡിനായും ''ഗവ. സ്‌കൂൾ പേരന്റ്സ് അസോസിയേഷന്റെ'' മികച്ച അദ്ധ്യാപകനുള്ള പ്രഥമ അവാർഡിനായും തിരഞ്ഞെടുത്തു. എസ്.സി.ഇ.ആർ.ടി യിൽ നിന്നും യൂണിസെഫിൽ നിന്നും വിവിധ അംഗീകാരങ്ങളും ഷാജിയെ തേടിയെടുത്തിയിട്ടുണ്ട്.