അടിമാലി: അടിമാലി മച്ചിപ്ലാവിന് സമീപത്തു നിന്ന് വെള്ളിമൂങ്ങയെ കണ്ടെത്തി. പ്രദേശവാസിയായ എല്ലാപ്പറമ്പിൽ ശ്രീധരന്റെ പുരയിടത്തിൽ പരിക്കേറ്റ നിലയിലായിരുന്നു വെള്ളിമൂങ്ങ. രാവിലെ ഒമ്പതോടെയായിരുന്നു ശ്രീധരൻ തന്റെ പരയിടത്തിന് സമീപം വഴിയരികിൽ പരിക്കേറ്റ് കിടക്കുന്ന വെള്ളിമൂങ്ങയെ കണ്ടത്. പറക്കാനാവാതെ കിടന്ന മൂങ്ങയെ ശ്രീധരൻ വീട്ടിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. കാക്കക്കൂട്ടം ആക്രമിച്ചതിനെ തുടർന്നാണ് മൂങ്ങയ്ക്ക് പരിക്കേറ്റതെന്നും ശരീരത്ത് മുറിവുകൾ പറ്റിയ മൂങ്ങ പറക്കാനാവാതെ നിലത്ത് വീഴുകയുമായിരുന്നെന്ന് ശ്രീധരൻ പറഞ്ഞു. സംഭവത്തെ തുടർന്ന് പനംകുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് വനപാലകരെത്തി മൂങ്ങയെ കൈപ്പറ്റി. വെള്ളിമൂങ്ങയുടെ കുഞ്ഞാണ് പരിക്കേറ്റ് വീണതെന്നും മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം വനത്തിൽ തുറന്നു വിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മൂങ്ങയെ നേരിൽ കാണാൻ പ്രദേശവാസികളും തടിച്ച് കൂടി.