അടിമാലി: അടുക്കള മാലിന്യം ദേശിയപാതയോരത്തെ ഓടയിലേക്കൊഴുക്കിയ അടിമാലി ടൗണിലെ ഭക്ഷണശാല താത്കാലികമായി ആരോഗ്യവകുപ്പും പഞ്ചായത്തും ഇടപെട്ട് പൂട്ടിച്ചു. ദേശിയപാതയോരത്തെ ഓടയിലേക്ക് അടുക്കള മാലിന്യം ഒഴുക്കിയ ഭക്ഷണശാല നടത്തിപ്പുകാരനെതിരെതിരെയാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് കർശന നടപടി സ്വീകരിച്ചത്. അടിമാലി സർക്കാർ ഹൈസ്‌ക്കൂളിന് ഏതിർ വശത്ത് പ്രവർത്തിച്ചു വന്നിരുന്ന നാടൻ ഭക്ഷണ ശാലയാണ് താൽക്കാലികമായി ആരോഗ്യവകുപ്പ് അടച്ച് പൂട്ടിയത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ കടയുടമ പരസ്യമായി മാലിന്യം ഓടയിലേക്കെഴുക്കിയതിനെ തുടർന്നാണ് നടപടിയെന്ന് ദേവിയാർ കോളനി പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ബി. ദിനേശൻ പറഞ്ഞു. ഭക്ഷണശാലയിലെ മാലിന്യം ശേഖരിക്കാൻ ചെറിയ മാലിന്യ പ്ലാന്റായിരുന്നു ഉടമ നിർമ്മിച്ചിരുന്നത്. ഇത് നിറഞ്ഞ് കവിഞ്ഞത് മാലിന്യം പുറത്തേക്കൊഴുകാൻ ഇടവരുത്തി. വെള്ളിയാഴ്ച രാവിലെ സംഭവം സമീപവാസികൾ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഭക്ഷണശാല താത്കാലികമായി അടച്ചു പൂട്ടുന്ന നടപടിയിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. പരസ്യമായ നിയമ ലംഘനത്തിന് കടയുടമയിൽ നിന്ന് 5000 രൂപ പഞ്ചായത്ത് പിഴയായി ഈടാക്കി. പുതിയ പ്ലാന്റ് നിർമ്മിച്ച ശേഷം ഭക്ഷണ ശാല തുറന്നാൽ മതിയെന്നാണ് ഉടമയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.