അടിമാലി: ചൂടിൽ വെന്തുരുകി ജില്ലയിലെ കശുവണ്ടി കർഷകരും. മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ ഹൈറേഞ്ചേിലെ കർഷകരുടെ പ്രധാന വരുമാനമാണ് കശുവണ്ടി അഥവ പറങ്കിയണ്ടി. എന്നാൽ ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് കശുവണ്ടിയുടെ ഉത്പാദനത്തിൽ വലിയ കുറവാണ് സംഭവിച്ചത്. കാപ്പികുരുവും കുരുമുളകുമെല്ലാം വിളവെടുത്ത ശേഷമാണ് ഹൈറേഞ്ചിൽ കശുവണ്ടിയുടെ വിളവെടുപ്പ് ആരംഭിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ പറങ്കിയണ്ടിയുടെ വിളവെടുപ്പ് കർഷകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. പക്ഷേ ഇത്തവണ ഉണ്ടായിട്ടുള്ള ഉത്പാദനക്കുറവ് വലിയ നിരാശയാണ് കർഷകർക്ക് നൽകുന്നത്. ഒരു കിലോ കശുവണ്ടിക്ക് 105 രൂപയാണ് ഇപ്പോഴത്തെ വിപണി വില. പോയ വർഷമിത് 290 രൂപയായിരുന്നു. വിളവെടുപ്പ് ആരംഭിക്കുന്ന കാലയളിവിലാണ് സാധാരണയായി കശുവണ്ടിക്ക് ഉയർന്ന വില ലഭിക്കേണ്ടത്. വേനൽ മഴ പെയ്യുന്നതോടെ കശുവണ്ടിയുടെ നിറം മങ്ങുകയും വില കുറയുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ വീണ്ടും വില കുറഞ്ഞാൽ കശുവണ്ടിയുടെ പെറുക്ക് കൂലി പോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന കടുത്ത ചൂടാണ് കശുവണ്ടിയുടെ ഉത്പാദനത്തെ മോശമായി ബാധിച്ചത്. ചൂടേറിയതോടെ പൂവ് കൂടുതലായി കരിയുകയും കൊഴിയുകയും ചെയ്തു. ഇതര കാർഷിക വിളകളെ അപേക്ഷിച്ച് കശുവണ്ടിക്കുണ്ടായിട്ടുള്ള വിലക്കുറവും ഉത്പാദനക്കുറവും ഹൈറേഞ്ചിലെ കർഷകർക്ക് തിരിച്ചടിയാണ് സമ്മാനിക്കുന്നത്.