തൊടുപുഴ: ഏഴു വയസുകാരനെ കാലിൽ തൂക്കി എറിഞ്ഞ് തല തകർക്കുകയും അതിക്രൂരമായി മർദ്ദിച്ച് ദേഹമാസകലം പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദാണ് (36) അറസ്റ്റിലായത്. തലയോട്ടി പൊട്ടിയും തലച്ചോറിന് ക്ഷതമേറ്റും അതീവ ഗുരുതരാവസ്ഥയിലായ കുട്ടി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. കട്ടിലിൽ മൂത്രമൊഴിച്ചതിന്റെ പേരിലാണ് കുട്ടിക്ക് കൊടും പീഡനമേൽക്കേണ്ടിവന്നത്. തിരുവനന്തപുരത്ത് ഒരു കൊലക്കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അരുൺ.
വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് മനഃസാക്ഷി മരവിക്കുന്ന ക്രൂരത അരങ്ങേറിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രതിയുടെ അമ്മാവന്റെ മകന്റെ മകനാണ് മർദ്ദനത്തിനിരയായ ഏഴു വയസുകാരൻ. കുട്ടിയുടെ അച്ഛൻ 2018 മേയ് 23ന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തുടർന്ന് അരുണുമായി യുവതി അടുപ്പത്തിലായി. 2018 നവംബർ 19ന് ഏഴും മൂന്നരയും വയസുള്ള രണ്ട് ആൺമക്കളുമായി ഇവർ അരുണിനൊപ്പം സ്വന്തം നാടായ തൊടുപുഴയിൽ താമസമാരംഭിച്ചു. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയതു മുതൽ ഇയാൾ കുട്ടികളെയും കാമുകിയെയും ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.
സംഭവദിവസം രാത്രി ഒന്നരയോടെ അരുൺ കാമുകിയെയും കൂട്ടി താമസസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയി. സ്വന്തം കാറിലായിരുന്നു യാത്ര. യുവതിയാണ് കാർ ഓടിച്ചത്. ഈ സമയം കുട്ടികൾ രണ്ടു പേരും ഭക്ഷണം കഴിക്കാതെ വാടക വീട്ടിൽ തളർന്നുറങ്ങുകയായിരുന്നു. ഇവരെ മുറിക്കുള്ളിലാക്കി പുറത്തു നിന്ന് പൂട്ടിയിട്ടാണ് ഇരുവരും പോയത്.
മൂന്നുമണിയോടെ ഭക്ഷണപ്പൊതിയുമായി തിരിച്ചെത്തിയ കമിതാക്കൾ കുട്ടികളെ വിളിച്ചുണർത്തി. ഇളയകുട്ടി ഉണർന്ന് അടുത്തെത്തിയപ്പോൾ കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ ലക്ഷണം കണ്ടു. കുപിതനായ അരുൺ ഉറങ്ങിക്കിടന്നിരുന്ന ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടസം പിടിക്കാൻ ശ്രമിച്ച മാതാവിനും ഇളയ കുട്ടിക്കും മർദ്ദനമേറ്റു. മർദ്ദനം ഏറേ നേരം തുടർന്നു.
തല തകർന്ന് കുട്ടിക്ക് ബോധം നഷ്ടപ്പെട്ടതോടെ അരുണും കാമുകിയും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴും വീട്ടിൽ രക്തം തളംകെട്ടിക്കിടന്ന മുറിയിൽ ഇളയ കുട്ടി തനിച്ചായിരുന്നു. കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് മാതാവും മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ വീണതാണെന്ന് അരുണും പറഞ്ഞതിലുള്ള വൈരുദ്ധ്യം മനസിലാക്കി ആശുപത്രി അധികൃതർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ കോലഞ്ചേരിയിലേക്ക് അയയ്ക്കുകയും ചെയ്തു. പൊലീസും ശിശുക്ഷേമ സമിതിയും നടത്തിയ അന്വേഷണത്തിലാണ് മർദ്ദനവിവരം പുറത്തു വന്നത്. പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതിക്രൂര പീഡനം
ഉറക്കത്തിലായിരുന്ന കുട്ടിയെ ഇയാൾ സർവശക്തിയുമെടുത്ത് തൊഴിച്ച് തെറിപ്പിച്ചു. പിടഞ്ഞെണീറ്റ കുട്ടിയെ ഒരു കൈകൊണ്ട് തോണ്ടിയെടുത്ത് വലിച്ചെറിഞ്ഞു. അലമാരയും മറ്റ് ഗൃഹോപകരണങ്ങളും വച്ചിരുന്ന മൂലയിലേക്കാണ് കുട്ടി വീണത്. കോൺക്രീറ്റ് ഷെൽഫിന്റെ വക്കിലിടിച്ച് തലയോട്ടിയുടെ പിൻഭാഗം ചന്ദ്രക്കലയുടെ ആകൃതിയിൽ പൊട്ടിപ്പിളർന്ന് രക്തംചീറ്റി. എന്നിട്ടും കലിയടങ്ങാതെ മുറിക്കുള്ളിലൂടെ വലിച്ചിഴച്ച് വീണ്ടും മർദ്ദിച്ചു. തടസം പിടിക്കാനെത്തിയ മാതാവിന്റെ കരണത്തും ഇളയകുട്ടിയുടെ മുഖത്തും പ്രഹരിച്ചു. ബോധം നഷ്ടപ്പെട്ട മൂത്തകുട്ടി നിലത്തുകിടന്ന് പിടഞ്ഞപ്പോൾ അയ്യോ...അച്ഛാ കൊല്ലല്ലേ.... എന്ന് നിലവിളിച്ചുകൊണ്ട് മൂന്നര വയസുകാരൻ കാലുപിടിച്ചു കരഞ്ഞിട്ടും അരുണിന്റെ കലി അടങ്ങിയിരുന്നില്ല.