joice
ജോയിസ് ജോർജ്ജിന് ഗോത്രജനവിഭാഗങ്ങൾ നൽകിയ സ്വീകരണം

ചെറുതോണി: ജോയ്സ് അറക്കുളം,​ കുടയത്തൂർ പഞ്ചായത്തുകളിലെ ഗോത്രജനവിഭാഗ മേഖലയിൽ പര്യടനം നടത്തി. രാവിലെ 7.30 ന് കാർഷിക ഗ്രാമമായ മുത്തിയുരുണ്ടയാറിൽ നിന്നായിരുന്നു പര്യടനത്തിന് തുടക്കം. തുടർന്ന് കുളമാവ്, കരിപ്പലങ്ങാട്, ജലന്ധർസിറ്റി, ഇടപ്പിള്ളി,​ എടാട്, കൂവപ്പിള്ളി, കുടയത്തൂർ കാഞ്ഞാർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പര്യടനം മൂലമറ്റത്ത് സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ സി.വി. വർഗീസ്, മാത്യു വർഗീസ്, ജോർജ്ജ് അഗസ്റ്റ്യൻ, കെ.എൽ. ജോസഫ്, റോമിയോ സെബാസ്റ്റ്യൻ,​ സുനിൽ സെബാസ്റ്റ്യൻ, ബേബി കുഴിഞ്ഞാലിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ജോയ്സ് വികസന കാഴ്ചപ്പാടുള്ള സ്ഥാനാർത്ഥി: ഫ്രാൻസിസ്

ചെറുതോണി: ഇടുക്കി മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും വ്യക്തമായ ബോധ്യങ്ങളും കാഴ്ചപ്പാടുമുള്ള സ്ഥാനാർത്ഥിയാണ് ജോയ്സ് ജോർജെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു. മുത്തിയുരുണ്ടയാറിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വെള്ളിയാഴ്ചത്തെ പ്രചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയെ പ്രതിനിധീകരിക്കാൻ ജനങ്ങൾ നൽകിയ അവസരം ഏറ്റവും ഉചിതമായ രീതിയിൽ നാടിന് വേണ്ടി സമർപ്പിക്കുകയായിരുന്നു അദ്ദേഹം. 4750 കോടിയുടെ വികസന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് കൊണ്ടുവരാനായത് അസാധാരണമായ നേതൃപാടവം കൊണ്ടാണ്. ഒന്നും ആലോചിക്കാതെ വോട്ട് ചെയ്യാവുന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് ജോയ്സെന്നും അദ്ദേഹം പറഞ്ഞു. എൻ.പി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ ശിവരാമൻ, ജനറൽ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, ഖജാൻജി കെ.കെ ജയചന്ദ്രൻ, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ്, സി.വി. വർഗീസ് എന്നിവർ സംസാരിച്ചു.


ജോയ്സ് ഇന്ന് മൂവാറ്റുപുഴയിൽ

ജോയ്സ് ശനിയാഴ്ച മൂവാറ്റുപുഴ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന് ആയവനയിൽ നിന്നാണ് തുടക്കം. ആയവന, പൈങ്ങോട്ടൂർ, പോത്താനിക്കാട്, കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തും.