thodu1

തൊടുപുഴ: ഏഴു വയസുകാരനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേല്പിച്ച അരുൺ ആനന്ദിന്റെ ആദ്യ ഭാര്യ ഇയാളുടെ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ഇവർ ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ച് അമേരിക്കയിൽ കഴിയുകയാണ്. ആദ്യ ബന്ധത്തിൽ അരുണിന് 10 വയസുള്ള ഒരു ആൺകുട്ടിയുണ്ട്.

വിവാഹബന്ധം വേർപെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. അങ്ങനെയാണ് തൊടുപുഴ സ്വദേശിയും അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എൻജിനിയറിംഗ് ബിരുദധാരിയാണ്. അഞ്ച് വർഷത്തോളം തിരുവനന്തപുരത്ത് ഭർതൃ വീട്ടിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും രണ്ടുവർഷം മുമ്പ് തൊടുപുഴയിലേക്ക് മാറി വെങ്ങല്ലൂരിന് സമീപം മോട്ടോർ മെക്കാനിക്ക് വർക്ക്ഷോപ്പ് ആരംഭിച്ചു. അവിടെ നല്ലനിലയിൽ ജീവിക്കുമ്പോഴാണ് മേയ് 23ന് ഭർത്താവ് മരിച്ചത്. തുടർന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ താമസിക്കുമ്പോഴാണ് അരുണുമായി അടുപ്പത്തിലായത്.

പിന്നീട് ഭർത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തിൽ തിരുവനന്തപുരത്ത് പോയപ്പോൾ അരുണുമായുള്ള ബന്ധം ദൃഢമായി. തിരികെ തൊടുപുഴയിൽ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടർന്നു. കഴിഞ്ഞ നവംബർ 19 ന് വീട്ടുകാരുടെ ശക്തമായ എതിർപ്പ് അവഗണിച്ച് രണ്ടുമക്കളെയും കൂട്ടി സ്വന്തം കാറിൽ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഒരുമാസം മുമ്പാണ് അരുണും കാമുകിയും തൊടുപുഴയിൽ തിരിച്ചെത്തിയത്.

യുവതിയുടെ മാതാവിന്റെ പരാതിയെത്തുടർന്ന് കരിങ്കുന്നം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തിയെങ്കിലും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചു. ഇരുവരെയും വീട്ടിൽ കയറ്റില്ലെന്ന് അദ്ധ്യാപികയായ മാതാവ് നിലപാട് കടുപ്പിച്ചതോടെ തൊടുപുഴ ടൗണിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. പഴയ വർക്ക്ഷോപ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. തുടർന്നുള്ള ജീവിതത്തിലാണ് അരുണിന്റെ തനിനിറം യുവതിയും മക്കളും തിരിച്ചറിയുന്നത്. കേസിൽ യുവതിയുടെ പങ്കാളിത്തം പരിശോധിച്ചശേഷം ഇവരെ പ്രതിയാക്കണമോയെന്ന് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മർദ്ദനമേറ്റ ഇളയ കുട്ടിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം മുത്തശ്ശിയുടെ സംരക്ഷണയിൽ വിട്ടു.

ചേട്ടച്ഛാ എന്ന വിളി പ്രകോപിപിച്ചു
അമ്മയുടെ കൂടെയുള്ളത് അച്ഛനോ ചേട്ടനോ എന്ന് തിരിച്ചറിവില്ലാത്ത മക്കൾ 'ചേട്ടച്ഛൻ" എന്ന് വിളിച്ചതാണത്രേ അരുണിനെ ചൊടിപ്പിച്ച ആദ്യ സംഭവം. അതിന്റെ പേരിൽ പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ക്രൂരമായ മർദ്ദനമായിരുന്നു. അയൽവാസികളുമായി കൂടുതൽ അടുക്കാതിരുന്നതുകൊണ്ട് ക്രൂരതകൾ പലതും പുറംലോകം അറിയാറില്ല.

യുവതിയെ നടുറോഡിൽ തല്ലി
അടുത്തിടെ മൊബൈൽ ഫോണിന് സിം കാർഡ് വാങ്ങാൻ പോയിട്ട് തിരികെയെത്താൻ വൈകിയതിന് യുവതിയെ തൊടുപുഴ നഗരത്തിൽ ആളുകൾ നോക്കിനിൽക്കെ അരുൺ മർദ്ദിച്ചു. ഇടയ്ക്കിടെ ക്രൂരതയുടെ ആൾരൂപമായി മാറാറുള്ള അരുണിനോടുള്ള ഭയംകാരണം യുവതി ആരോടും പരാതി പറഞ്ഞില്ല. മൂത്ത കുട്ടിയോടൊപ്പം കോലഞ്ചേരിയിലെ ആശുപത്രിയിൽ കഴിയുന്ന യുവതിയെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ അഞ്ച് മാസം അനുഭവിച്ച ക്രൂരതയുടെ ചുരുളഴിഞ്ഞത്. നൊന്തുപെറ്റ മകനെ കാമുകൻ നിലത്തിട്ട് ചവിട്ടിയും വലിച്ചെറിഞ്ഞും മാരകമായി മർദ്ദിക്കുന്നതു കണ്ടപ്പോൾ തടസം പിടിക്കാൻ ശ്രമിച്ചതിന് മുഖത്ത് കിട്ടിയ ഇടിയുടെ പാടുകളും യുവതി പൊലീസിന് കാട്ടിക്കൊടുത്തു.