മറയൂർ: മറയൂർ അമ്പലപ്പാറ ചന്ദന കേസിൽ റിമാൻഡിലായ അഞ്ചു നാട് സ്വദേശികളായ മൂന്നു പ്രതികളിൽ രണ്ടു പേരെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കാന്തല്ലൂർ വണ്ണാന്തുറൈ സ്വദേശി മുത്തു, പെരടി പള്ളം സ്വദേശി വിജയകുമാർ എന്നിവരെയാണ് മറയൂർ, കാന്തല്ലൂർ മേഖലകളിൽ വിവിധ ഭാഗങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇവരോടൊപ്പം പിടിയിലായ പെരടി പള്ളം സ്വദേശി ബാലകൃഷ്ണന് സുഖമില്ലാത്തതിനാൽ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം സ്വദേശികൾക്ക് മറയൂർ, കാന്തല്ലൂർ ചന്ദനക്കാടുകളിൽ നിന്ന് ചന്ദനം മുറിച്ചു നൽകിയതിന്റെ പ്രതിഫലമായി ഈ മൂന്നു പേരുടെ ബാങ്ക് അക്കൗണ്ടിലും ബാലുവിന്റെ ഭാര്യ നാഗറാണി, മുത്തുവിന്റെ ഭാര്യ ശിവശങ്കരി എന്നിവരുടെ അക്കൗണ്ടിലും ലക്ഷകണക്കിന് രൂപ എത്തിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഇത് പരിശോധിക്കാൻ മറയൂർ എസ്.ബി.ഐ ബ്രാഞ്ചിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കാന്തല്ലൂരിലെ ഒരു റിസോർട്ടിലും തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുപോയി. മഞ്ചേരിക്കടുത്ത് മോങ്ങത്ത് തുണിക്കട നടത്തുന്ന കുഞ്ഞിപ്പൂ എന്ന ഷൊഹൈബാണ് സംഘതലവൻ എന്നും തിരിച്ചറിഞ്ഞു. ഇയാളുടെ തുണിക്കടയുടെ പിൻവശത്ത് നാലു മുറി ചന്ദന ഗോഡൗണും കണ്ടെത്തി. ഇയാൾ ഒളിവിലാണ്. പ്രതികളെ ശനിയാഴ്ച വീണ്ടും ദേവികുളം കോടതിയിൽ ഹാജരാക്കും.