ഇടുക്കി: ഓരോ ശിശുരോദനത്തിലും കേൾപ്പൂ,​ ഞാൻ ഒരു കോടി ഈശ്വര വിലാപം എന്നാണ് കവി പാടിയത്. എന്നാൽ എത്രകോടി ഈശ്വര വിലാപങ്ങൾ കേട്ടാലും ഇടുക്കിയിലെ ശിശുരോദനങ്ങൾ അവസാനിക്കുന്ന ലക്ഷണമില്ല. അഞ്ചുവർഷം മുമ്പ് കുമളിയിൽ നിന്നുയർന്ന അഞ്ചുവയസുകാരന്റെ ദീനരോദനം കൈരളിയുടെ കരളലയിക്കുന്നതായിരുന്നു. പിതാവിന്റെ രണ്ടാം ഭാര്യ അടുപ്പിൽവച്ച് പഴുപ്പിച്ച ഇരുമ്പ് പൈപ്പ് കൊണ്ട് ദേഹമാസകലം പൊള്ളിച്ച കുരുന്നുബാലൻ ജീവനുവേണ്ടി പിടിയുന്ന കാഴ്ച പുറംലോകത്തെ അറിയിച്ചത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി അധികൃതരായിരുന്നു. ബാലാവകാശ നിയമം സടകുടഞ്ഞെണീറ്റ ആ സംഭവം മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ സംസ്ഥാന സർക്കാരിനെയും ജാഗരൂകരാക്കി. അന്ന് ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ ജീവിതത്തിലേക്ക് തിരിച്ചുവന്ന കുട്ടിയിപ്പോൾ മാതാപിതാക്കൾക്ക് അന്യനായി സർക്കാരിന്റെ ദത്തുപുത്രനാണ്. കുമളി സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമനസാക്ഷി ഉണരുമെന്നും ബാലപീഡനങ്ങൾ കേരളത്തിൽ ആവർത്തിക്കില്ലെന്നും കരുതിയവർക്ക് തെറ്റുപറ്റി. വീണ്ടും വീണ്ടും അതുതന്നെ ആവർത്തിച്ചു. ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് തൊടുപുഴയ്ക്ക് സമീപം ഒരു പിതാവ് 11കാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതും 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ഹൈറേഞ്ചിലെ ഒരു നൃത്ത അദ്ധ്യാപിക 11വയസുള്ള വീട്ടുജോലിക്കാരിയെ മർദ്ദിച്ചതും പിന്നീടുണ്ടായ സംഭവങ്ങളിൽ ചിലതുമാത്രം. പരമ്പരയിൽ അവസാനത്തേതാണ് ഇന്നലെ പുറത്തുവന്ന ഏഴുവയസുകാരന്റെ കഥ. അമ്മയുടെ കാമുകൻ, അച്ഛന്റെ അർദ്ധസഹോദരൻ കൂടിയായിട്ട് കൂടിയും ഉറങ്ങിക്കിടന്ന ബാലനോട് ചെയ്ത ക്രൂരത മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ആരോഗ്യദൃഢഗാത്രനായ യുവാവിന്റെ തൊഴിയേറ്റ് തെറിച്ചുവീണ ബാലനെ പാൽപാത്രത്തിൽ തലയിട്ട പൂച്ചക്കുഞ്ഞിനെ എടുത്തെറിയുന്ന ലാഘവത്തോടെ വീണ്ടും കശക്കിയെറിയുകയായിരുന്നു. അതുകൊണ്ടും കലിയടങ്ങാതെ ആ കുരുന്നുശരീരം തലങ്ങും വിലങ്ങും തല്ലിച്ചതച്ചു. മരണത്തോട് മല്ലടിക്കുന്ന കുട്ടി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. ഭർത്താവിന്റെ മരണശേഷം ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് കൂടെക്കൂട്ടിയ യുവാവാണ് മാതാവിന്റെ കൺമുമ്പിൽ ഈ കൊടുംക്രൂരതകാട്ടിയത്. പിന്നീട് അറസ്റ്റിലായ യുവാവാകട്ടെ ഇതൊക്കെ അത്രവലിയ സംഭവമാണോ എന്നമട്ടിലാണ് പൊലീസിനോട് പെരുമാറിയത്. തന്നെ കോടതിയിൽ ഹാജരാക്ക് സാറെ, ബാക്കി നോക്കിക്കൊള്ളാം എന്നായിരുന്നു അയാളുടെ പ്രതികരണം.