ഇടുക്കി: ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് മൂന്നാംഘട്ട പര്യടനം പൂർത്തിയാക്കി. തുടക്കം വൈകിയെങ്കിലും പ്രവർത്തനത്തിൽ വളരെയേറെ മുമ്പിലെത്തിയെന്നാണ് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നത്. ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പീരുമേട് എന്നീ നിയോജകമണ്ഡലം കൺവെൻഷനുകൾ പൂർത്തീകരിച്ച് പ്രദേശത്തുള്ള ആളുകളെ കാണുന്ന തിരക്കിലാണ് സ്ഥാനാർത്ഥി ഇപ്പോൾ. ഏപ്രിൽ രണ്ടിന് ഒന്നാംഘട്ട ഫീൽഡ് വർക്ക് പൂർത്തിയാകും. നാലിന് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി തൊടുപുഴയിൽ ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തും. 5, 6, 7 തീയതികളിൽ കുടുംബയോഗങ്ങൾ പൂർത്തീകരിക്കും. 9, 10 തീയതികളിൽ രണ്ടാംഘട്ട സ്‌ക്വാഡ് യു.ഡി.എഫിന് അഭ്യർത്ഥനയുമായി സമ്മതിദായകരെ സമീപിച്ച് രണ്ടാംഘട്ട ഫീൽഡ് വർക്ക് പൂർത്തിയാക്കുന്നവിധമാണ് പ്രവർത്തനപരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഏപ്രിൽ 15, 20 തീയതികളിൽ മണ്ഡലത്തിലെമ്പാടും കോർണർ മീറ്റിംഗുകൾ നടത്തും. ഏപ്രിൽ 16 മുതൽ 20 വരെ മൂന്നാംഘട്ട സ്‌ക്വാഡ് പ്രവർത്തനങ്ങൾ സ്ലിപ്പുകളും മാതൃക ബാലറ്റ് വിതരണവും പൂർത്തിയാക്കും.
നാളെ ബൂത്ത് ദിനം
യു.ഡി.എഫ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ നാളെ ബൂത്ത് ദിനമായി ആചരിക്കും. രാവിലെ മുതൽ ലോക്‌സഭാ മണ്ഡലത്തിലെ 1305 ബൂത്തുകളിലും ജില്ലയിലെ മുതിർന്ന നേതാക്കളും അവരുടെ സ്വന്തം ബൂത്തിൽ ഒന്നാംഘട്ട പ്രസ്താവനയുമായി ഭവന സന്ദർശനം നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും അറിയിച്ചു.
ആദിവാസി മേഖലകളിൽ ആവേശകരമായ സ്വീകരണം
ഇടുക്കി: ദേവികുളം മണ്ഡലത്തിലെ ആദിവാസിമേഖലകളിൽ ഡീൻ കുര്യാക്കോസിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
അഞ്ചുനാട് മേഖലയിൽ ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും തിലകക്കുറി അണിയിച്ചും സ്വീകരിച്ചു. രാത്രി വളരെവൈകിയും കുടികളിൽ സ്ഥാനാർത്ഥിയുടെ വരവ് കാത്ത് ആളുകളുണ്ടായിരുന്നു.
ഡീൻ ഇന്ന് ഇടുക്കിയിൽ
ഡീൻ ഇന്ന് ഇടുക്കി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. ആരാധനാലയങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തും.