മുട്ടം: തോട്ടുങ്കരയിലെ തോട്ടിൽ മാലിന്യം കുമിഞ്ഞ് കൂടുന്നു. സമീപത്തെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തോട്ടിൽ നിറഞ്ഞിരിക്കുന്നത്. വേനൽ കടുത്തതോടെ തോടിലൂടെയുള്ള നീരൊഴുക്ക് നിലച്ചു. ചെറിയ കുഴികളിലും മറ്റുമുള്ള വെള്ളത്തിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം വീടുകളിലെ ജൈവ മാലിന്യങ്ങളും തോട്ടിലേക്കാണ് ഒഴുക്കുന്നത്. പരിസരത്താകെ ദുർഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്. പ്രദേശവാസികൾ അലക്കുകുന്നതിനും കുളിക്കുന്നതിനും ഉപയോഗിച്ചു കൊണ്ടിരുന്ന തോടാണ് നിലവിൽ മാലിന്യപൂരിതമായിരിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിക്ക് നടുവിലൂടെ ഒഴുകുന്ന തോട്ടിൽ മാലിന്യം നിറഞ്ഞത് നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാമെന്നാണ് പ്രദേശവാസികളുടെ ഭീതി.