ഇടുക്കി: അമ്മയുടെ കാമുകന്റെ അതിക്രൂര ആക്രമണത്തിനിരയായി വെന്റിലേറ്ററിൽ മൃതപ്രായനായി കഴിയുന്ന ഏഴു വയസുകാരനെ ഇയാൾ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിനെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വധശ്രമം, ബാലനീതി നിയമ ലംഘനം എന്നീ വകുപ്പുകൾ നേരത്തേ ചുമത്തിയിരുന്നു.

കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള കുട്ടിയുടെ ലൈംഗികാവയവത്തിൽ ക്ഷതമേറ്റിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാരാണ് പൊലീസിന് വിവരം കൈമാറിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതിക്ക് പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതങ്ങളും ഉണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. എന്നാൽ കഴിഞ്ഞദിവസം കുട്ടിയുടെ അമ്മയെ പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോൾ ഈ കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പ്രതിയെ ഭയന്നിട്ടാവാം ഇത് പറയാതിരുന്നതെന്ന നിഗമനത്തിൽ ഇന്നലെ വീണ്ടും ചോദ്യം ചെയ്തപ്പോൾ പ്രോസിക്യൂഷന് അനുകൂലമായി സംസാരിച്ചെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും.

കുട്ടിയെ മർദ്ദനത്തിനിരയാക്കിയ വാടകവീട്ടിൽ ഇന്നലെ രാവിലെ പ്രതിയെ എത്തിച്ച് പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തി. സ്ത്രീകൾ ഉൾപ്പെടെ സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ രോഷ പ്രകടനത്തിൽ നിന്ന് വളരെ പ്രയാസപ്പെട്ടാണ് പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയത്. വീട്ടിൽ നിന്ന് മാരകായുധങ്ങളും കുട്ടിയെ മർദ്ദിച്ചതിന് നിരവധി ശാസ്ത്രീയ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയും കാമുകിയും സംഭവദിവസം സഞ്ചരിച്ച കാറിൽ നിന്ന് ഒരു മഴു പൊലീസ് കണ്ടെടുത്തിരുന്നു. ഇന്നലെ വൈകിട്ട് അരുണിനെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു.

അതിനിടെ, യുവതിയുടെ ആദ്യ ഭർത്താവിന്റെ മരണം സംബന്ധിച്ചും നാട്ടുകാർക്കിടയിൽ സംശയം ബലപ്പെടുകയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് യുവതി പറഞ്ഞത്. എന്നാൽ ഇതേക്കുറിച്ച് ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പ്രതിയുടെ അമ്മാവന്റെ കൊച്ചുമകനാണ് മർദ്ദനത്തിന് ഇരയായ കുട്ടി. കഴിഞ്ഞ മേയ് 23നാണ് കുട്ടികളുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭർത്താവ് മരിച്ച് ദിവസങ്ങൾക്കകം അരുണുമായി അടുപ്പത്തിലായ യുവതി രണ്ടു കുട്ടികളുമായി ഒളിച്ചോടുകയായിരുന്നു.

മരണത്തോട് മല്ലിട്ട് വെന്റിലേറ്ററിൽ

ഏഴു വയസുകാരന് വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരാൻ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് സർക്കാർ നിർദ്ദേശപ്രകാരം കോലഞ്ചേരി ആശുപത്രിയിലെത്തിയ വിദഗ്ദ്ധ സംഘം നിർദ്ദേശിച്ച ന്യൂറോ സർജൻമാരായ ഡോ. ടിനു രവി എബ്രഹാം, ഡോ. ഹാരിസ്, പീഡിയാട്രിക് സർജൻമാരായ ഡോ. ജിജി, ഡോ. ആതിയ എന്നിവരടങ്ങിയ മെഡിക്കൽ ബോർഡാണ് പരിശോധന നടത്തിയത്. മസ്തിഷ്ക മരണം സംഭവിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മെഡിക്കൽ സംഘം പറഞ്ഞു. ചികിത്സ മികച്ച രീതിയിലാണെന്നും ഇതു തുടരാനും നിർദ്ദേശിച്ചു. മറ്റൊരാശുപത്രിയിലേക്ക് മാറ്റാവുന്ന സ്ഥിതിയിലല്ല കുട്ടി. തലച്ചോറിനേറ്റ പരിക്കാണ് ഗുരുതരാവസ്ഥയ്ക്ക് കാരണം. ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. പഴയ മുറിവുകൾ എങ്ങനെയുണ്ടായെന്ന് കണ്ടുപിടിക്കാൻ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായം തേടും. തലച്ചോറിലേക്ക് രക്തം എത്തുന്നത് 90 ശതമാനത്തോളം നിലച്ചെന്നാണ് സൂചന. ആറു സെന്റിമീ​റ്ററോളം നീളത്തിൽ തലയോട്ടിക്കു പൊട്ടലുണ്ട്. തലച്ചോറിനു മുകളിൽ കട്ടപിടിച്ച രക്തം നീക്കംചെയ്‌തു. ശ്വാസകോശത്തിലും കുടലിലും മുറിവുമുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും