ചെറുതോണി: ഹൈറേഞ്ച് സംരക്ഷണ സമിതി പ്രവർത്തകർക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കുമളിയിൽ അക്രമിച്ചതിൽ അതിശക്തമായി പ്രതിഷേധിക്കുന്നതായി ഇടതുപക്ഷ ജനാധിപത്യ മുന്നണി പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസഡന്റ് കെ.കെ. ശിവരാമൻ, ജനറൽ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ എന്നിവർ അറിയിച്ചു. തോൽവി ഉറപ്പായതോടെ പരാജയഭീതിയിൽ വിറളിപൂണ്ട കോൺഗ്രസുകാർ അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും മുന്നോട്ടു വരണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. ജനാധിപത്യ ധ്വംസനത്തിനും മൗലികാവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റത്തെ പ്രതിരോധിക്കാനും അക്രമത്തെ അപലപിക്കാനും ജനങ്ങൾ മുന്നോട്ടുവരണം. കോൺഗ്രസിന്റെ ദുർനയങ്ങൾക്കും കർഷക വിരുദ്ധ നിലപാടുകൾക്കുമെതിരെ സമസ്ത മേഖലയിലെ ജനവിഭാഗങ്ങളും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ജോയ്സ് ജോർജിനൊപ്പം അണിനിരന്നതിൽ നിരാശരായ കോൺഗ്രസുകാർ നടടത്തുന്ന ഇത്തരം അക്രമ പ്രവർത്തനങ്ങൾക്കെതിരെ ബാലറ്റിലൂടെ ജനങ്ങൾ മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമതി പ്രവർത്തകരുടെ സംഘടനാ സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും അക്രമിക്കാനുള്ള ഏതു നീക്കത്തെയും രാഷ്ട്രീയമായി നേരിടുമെന്നും ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.