മറയൂർ: വട്ടവട ഏക ആതുര സേവനകേന്ദ്രമായ വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിന് രാജ്യാന്തര അംഗീകാരമായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റേഡൈസേഷൻ ഐ.എസ്.ഒ സർട്ടിഫിക്കേറ്റ്. ചിട്ടയായ പ്രവർത്തനങ്ങളും രോഗികൾക്ക് നൽകി വരുന്ന സംതൃപ്തമായ സേവനങ്ങളും കണക്കിലെടുത്താണ് പുരസ്കാരം. ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സർക്കാർ ആരോഗ്യകേന്ദ്രമായി മാറിയി വട്ടവട. 2018 ജുലായ് എട്ടിന് മന്ത്രിമാരായ എം.എം. മണി, എ.കെ. ബാലൻ എന്നിവർ വട്ടവടയിലെത്തിയപ്പോഴാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ഫാമിലി ഹെൽത്ത് സെന്ററായി പ്രഖ്യാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആശുപത്രി ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ആദിവാസി കോളനികളിലെത്തി ബോധവത്കരണം നടത്തിയതിന്റ് ഭാഗമായി പ്രസവം വീടുകളിൽ നടത്തുന്ന രീതി ഇല്ലാതാക്കാൻ കഴിഞ്ഞു. ഗർഭിണികൾക്കടക്കമുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യവും ക്രമവും ആക്കാനായി. രോഗ നിർണയത്തിനായി രക്തപരിശോധനയും മറ്റും നടത്തിയിരുന്നത് കിലോ മീറ്ററുകളോളം യാത്രചെയ്ത് മൂന്നാറിലായിരുന്നു. ഇത് ഒഴിവാക്കാനായി വട്ടവടയിൽ ലാബ് സ്ഥാപിച്ചത് വലിയ ആശ്വാസമായി. ആശുപത്രിയുടെ സൗകര്യം മെച്ചപ്പെടുത്തിയതോടെ 100 രോഗികളിൽ താഴെ എത്തിയിരുന്നിടത്ത് പ്രതിമാസം രണ്ടായിരത്തിലധികം പേർ എത്തിചേരാൻ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, സെക്രട്ടറി നന്ദകുമാർ, മെഡിക്കൽ ഓഫിസർ രാഹുൽ ബാബു എന്നിവർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വട്ടവട പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്, തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ അവാർഡ്, മികച്ച സെക്രട്ടറിക്കുള്ള അവാർഡ് എന്നിവ ലഭിച്ചിരുന്നു.
ഓഫീസ് പ്രവർത്തനവും വിലയിരുത്തി
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നൽക്കുന്നതിന് മുമ്പായി ഓഫീസിന്റെ പ്രവർത്തനവും വിലയിരുത്തി. കണക്കുകളുടെ സൂക്ഷിപ്പ്, കൃത്യത, രോഗികളെ സംബന്ധിച്ചുള്ള വിവരങ്ങൾ, കാലാതാമസം കൂടാതെ ഫയലിൽ നിന്നെടുക്കാനുള്ള സമയം, ആഡിറ്റ് റിപ്പോർട്ട്, രോഗികളോടുള്ള പെരുമാറ്റം, രോഗികളുടെ സംതൃപ്തി എന്നിവ വിലയിരുത്തിയാണ് അംഗീകാരം നൽകിയിരിക്കുന്നത്.