thomas
എം.ടി തോമസ്

ചെറുതോണി: അപൂർവ്വ നേട്ടങ്ങളുമായി കാൽവരിമൗണ്ട് സ്‌കൂളിലെ പ്രഥമ അദ്ധ്യാപകൻ എം.ടി തോമസ് 37 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി. ഇതേ സ്‌കൂളിൽ വിദ്യാർത്ഥിയായി വന്ന് പടിപടിയായി അദ്ധ്യാപകനും ഹെഡ്മാസ്റ്ററുമായി പടിയിറങ്ങുന്ന തോമസ് സാർ നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമയാണ്. ഇതേ സ്കൂളിൽ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം 1982 ജൂൺ ഒന്നിന് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 2013 ഏപ്രിൽ ഒന്നിന് ഹെഡ്മാസ്റ്റർ ആയി. ആൾ ഇന്ത്യാ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരം 2018-19 ലെ സംസ്ഥാന അധ്യാപക അവാർഡ് ജില്ലയിലെ മികച്ച പച്ചക്കറി തോട്ടത്തിനുള്ള പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനോടകം ഇദ്ദേഹത്തെ തേടിയെത്തി. കാൽവരിമൗണ്ട് സ്‌കൂളിലെ തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന ഇദ്ദേഹം വലിയൊരു ശിക്ഷ്യസമ്പത്തിന് ഉടമയാണ്. ഈ സ്‌കൂളിലെ എട്ട് അധ്യാപകരിൽ നാലുപേരും ഇദ്ദേഹത്തിന്റെ ശിക്ഷ്യരാണ്. അദ്ധ്യാപകൻ മാത്രമല്ല നാട്ടിലെ പൊതുപ്രവർത്തകൻ കൂടിയായിരുന്നു ഇദ്ദേഹം. 12 വർഷം കാമാക്ഷി പഞ്ചായത്തിലെ വാർഡ് മെമ്പറായിരുന്ന തോമസ് സാർ സ്വന്തം നാട്ടിൽ വികസനത്തിന്റെ പുതിയ പാതകൾ വെട്ടിത്തെളിച്ചു. പലതവണ കോതമംഗലം ഇടുക്കി രൂപതകളിൽ പാസ്റ്റർ കൗൺസിൽ അംഗമായിട്ടുണ്ട്. അദ്ധ്യാപക സംഘടനാ രംഗത്ത് ശക്തമായ പ്രവർത്തനമാണ് കാഴ്ച വച്ചത്. സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ്,​ സംസ്ഥാന നിർവ്വാഹക സമിതി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കാൽവരി മൗണ്ട് മേഖലയിലെ മിടുക്കരായ വിദ്യാർത്ഥികളുടെ ഉപരിപഠന പ്രോത്സാഹനത്തിനായി രൂപീകരിച്ച കാൽവരി അക്കാദമിക് പ്രമോഷൻ സ്‌കീമിന്റെ സെക്രട്ടറിയാണിപ്പോൾ. ഡബിൾ കട്ടിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നവരജ്ഞിനി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ രഷാധികാരികൂടിയാണ്.