ചെറുതോണി: യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസിന് ജില്ലാ ആസ്ഥാന മേഖലയിൽ ആവേശ്വകരമായ സ്വീകരണം നൽകി. ചെറുതോണിയിൽ നിന്നാണ് ഇന്നലെ സ്ഥാനാർത്ഥിയുടെ സൗഹൃദ സന്ദർശനം ആരംഭിച്ചത്. തുടർന്ന് ഇടുക്കി നിയോജക മണ്ഡലത്തിലെ തടിയംമ്പാട്, കരിമ്പൻ, അശോക , മുരിക്കാശേരി, പടമുഖം, കിളിയാർകണ്ടം, പതിനാറാംകണ്ടം, പ്രകാശ്, തോപ്രാംകുടി, കൊന്നത്തടി, മേഖലകളിലാണ് സന്ദർശനം നടത്തിയത്. ഓരോ മേഖലയിലും നൂറു കണക്കിന് യു.ഡി.എഫ് പ്രവർത്തകരും ബഹുജനങ്ങളും ആവേശത്തോടെ സ്ഥാനാർത്ഥിക്കൊപ്പം പങ്കുചേർന്നു. മേഖലയിലെ ആരാധനാലയങ്ങളിലും സർക്കാർ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി പഴയ ബന്ധം ഊട്ടിയുറപ്പിക്കാൻ ഡീനിന് കഴിഞ്ഞു. ആരാധനാലയങ്ങളിൽ പുരോഹിതരുടെ അനുഗ്രഹം തേടിയെത്തിയ സ്ഥാനാർത്ഥിക്ക് നിറഞ്ഞ മനസോടെയാണ് സ്വീകരണം ലഭിച്ചത്. പടമുഖം സ്‌നേഹ മന്ദിരത്തിലെത്തിയ സ്ഥാനാർത്ഥിയെ 450 അന്തേവാസികൾ ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്.