solaman
സോളമൻ.ജെ

മറയൂർ: നാച്ചിവയൽ സ്റ്റേഷൻ പരിധിയിൽ നടന്ന അമ്പലപ്പാറ ചന്ദന കേസിൽ ഒരാൾ കൂടി വനം വകുപ്പിന്റെ പിടിയിലായി. കാന്തല്ലൂർ പെരടി പള്ളം അഞ്ചുവീട്ടിൽ സോളമൻ. ജെയാണ് (36) പിടിയിലായത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. പ്രധാന പ്രതി ബാലകൃഷ്ണൻ ശേഖരിച്ചു വയ്ക്കുന്ന ചന്ദനം തലച്ചുമടായി സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സോളമനെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുമ്പ് പിടിയിലായി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ വിജയകുമാർ, മുത്തു എന്നിവരുടെ തെളിവെടുപ്പിലാണ് സോളമന്റെ പങ്കും തെളിഞ്ഞത്. മുത്തുവിനെയും വിജയകുമാറിനെയും തെളിവെടുപ്പിന് ശേഷം ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. അഞ്ചു വീട് ഭാഗത്ത് നിന്ന് ചന്ദനം വൽസപ്പെട്ടി കുടിയ്ക്ക് സമീപത്ത് എത്തിച്ചു വന്നിരുന്നത് സോളമനും സംഘവുമായിരുന്നു. ഇവിടെ നിന്ന് മറ്റൊരു സംഘമാണ് മാട്ടുപ്പെട്ടി ഭാഗത്ത് ചന്ദനം എത്തിച്ച് മലപ്പുറം മോങ്ങത്ത് കുഞ്ഞിപ്പു എന്ന ഷൊഹൈബിന്റെ വാഹനത്തിൽ കയറ്റി കൊടുക്കുന്നത്. സോളമന് ചുമട്ടുകൂലിയിനത്തിൽ 3000 രൂപയും ബാലകൃഷ്ണൻ നൽകിയിരുന്നു. 20 കിലോ ചന്ദനം വരെ ഒരു തവണ ചുമക്കുമെന്ന് സോളമൻ മൊഴി നൽകി. കഴിഞ്ഞ രണ്ടു വർഷമായി നിരവധി തവണ ചന്ദനം ചുമക്കുന്നതിന് പോയിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകി. റേഞ്ച് ഓഫീസർമാരായ ജോബ്. ജെ.നര്യംപറമ്പിൽ, അരുൺ മഹാരാജ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ എ. നിസാം, പി.എസ്. സജിവ്, എസ്.എഫ് ഒമാരായ ഷൈൻ. വി.കെ, കെ.കെ. സജിമോൻ, ബി.എഫ്.ഒമാരായ പ്രഫുൽ. എസ്. കുട്ടിശേരി, ബി. ശിവപ്രസാദ്, റിൻസ് ആന്റണി, ഉണ്ണികൃഷ്ണൻ നായർ, ശെൽവരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഞായറാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കും. മറയൂർ, കാന്തല്ലൂർ മേഖലയിൽ നിന്നുള്ള ചന്ദനക്കടത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും മറയൂർ റേഞ്ച് ഓഫീസർ പറഞ്ഞു.