തൊടുപുഴ: അരുണിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുകാരുടെ രോഷപ്രകടനം. പൊലീസ് വലയം വകവെയ്ക്കാതെ അസഭ്യവർഷവുമായി നാട്ടുകാർ ചീറിയടുക്കുകയായിരുന്നു. സ്ത്രീകളും പ്രായമായവരും പരിസരം മറന്ന് അലറിവിളിച്ച് ആക്രോശിക്കുന്നുണ്ടായിരുന്നു. രാവിലെ 11 ഓടെയാണ് തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പ്രതിയുമായി വാടകവീട്ടിൽ എത്തിയത്. സ്ത്രീകൾ ഉൾപ്പെടെ വൻജനാവലി പരിസരത്ത് തടിച്ചുകൂടിയിരുന്നു. അരുണും 'കുടുംബവും' ഇവിടെ താമസം തുടങ്ങിയിട്ട് ഒന്നരമാസം മാത്രമേ ആയിരുന്നുള്ളു. അതിനാൽ തന്നെ അയൽവാസികളുമായി വലിയ അടുപ്പത്തിലായിരുന്നില്ല. പുറത്തുനിന്ന് വന്ന് ചുരുങ്ങിയ കാലത്തിനിടെ തങ്ങളുടെ നാടിന് ചീത്തപ്പേരുണ്ടാക്കിയെന്നതും നാട്ടുകാർക്ക് പ്രതിയോടുള്ള ദേഷ്യംകൂടാൻ കാരണമായി. രംഗം വഷളാകുമെന്ന് കണ്ട് പെട്ടെന്നുതന്നെ ഇയാളുമായി വീടിനകത്ത് പ്രവേശിച്ച പൊലീസ് അരമണിക്കൂറിന് ശേഷമാണ് പുറത്തുവന്നത്. മുറിക്കുള്ളിൽ കുട്ടിയെ മർദ്ദിച്ചതെങ്ങനെയെന്ന് ഇയാൾ പൊലീസിനോട് വിവരിച്ചു. ഭിത്തിയിലും ഗൃഹോപകരണങ്ങളിലുമൊക്കെ ചോരപ്പാടുകൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. അതെളിവെടുപ്പ് പൂർത്തിയാക്കി പുറത്തിറക്കിയപ്പോൾ അസഭ്യവർഷങ്ങളുമായി സ്ത്രീകളടക്കമുള്ളവർ ചുറ്റും കൂടിയെങ്കിലും പൊലീസ് സംരക്ഷണവലയം തീർത്ത് പ്രതിയെ വാഹനത്തിൽ കയറ്റി സ്ഥലം വിടുകയായിരുന്നു. ഡി.വൈ.എസ്.പി കെ.പിയെ കൂടാതെ ഇൻസ്പെക്ടർ അഭിലാഷ്, എസ്.ഐ എം.പി. സാഗർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച ഫോറൻസിക് വിഭാഗവും ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു.