തൊടുപുഴ: ഏഴുവയസുകാരനെ അതിക്രൂരമായി മർദ്ദിച്ച് മൃതപ്രായനാക്കിയ കേസിൽ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്ത തിരുവനന്തപരും നന്ദൻകോട് സ്വദേശി അരുൺ ആനന്ദിന് (36) സ്വന്തമായി കാളിപൂജയും മയക്കുമരുന്ന്- ക്വട്ടേഷൻ സംഘങ്ങളുമായി അടുത്തബന്ധവുമുണ്ടായിരുന്നതായി വിവരം. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ മുമ്പ് പ്രതിയായിരുന്നെന്ന് പൊലീസ് സമ്മതിക്കുന്ന അരുണിനെ ചുറ്രിപ്പറ്റി ഇനിയും ഏറെ ദുരൂഹതകളുണ്ടെന്നാണ് കൂടെക്കഴിയുന്ന യുവതിയുടെ അയൽവാസികൾ നൽകുന്ന സൂചന. ഇയാളുടെ അമ്മാവന്റെ മകന്റെ ഭാര്യയാണ് അഞ്ചുമാസമായി കൂടെയുള്ളത്. അമ്മാവന്റെ മകൻ മരണപ്പെട്ടിട്ട് ആറുമാസം തികയും മുമ്പാണ് ബി.ടെക് ബിരുദധാരിയായ യുവതിയെ അരുൺ നിമയപ്രകാരമല്ലാതെ ഭാര്യയായി ഒപ്പം കൂട്ടിയത്. അടുത്തബന്ധുക്കളുടെയെല്ലാം എതിർപ്പ് അവഗണിച്ചാണ് യുവതി അരുണിനൊപ്പം ഒളിച്ചോടിയത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയശേഷം സ്വന്തം കുടുംബത്തിലും അടുത്ത ബന്ധുക്കൾക്കിടയിലും തീരെമതിപ്പില്ലാത്ത ജീവിതമായിരുന്നു അരുണിന്റേത്. കാളിപൂജയും ആഭിചാരവും ഗുണ്ടായിസവുമുൾപ്പെടെ നിരവധി കഥകളാണ് ഇയാളുടെ പേരിൽ പറഞ്ഞുകേട്ടിരുന്നത്. അതിനുപുറമെ മദ്യവും മയക്കുമരുന്നും ഇയാളുടെ ബലഹീനതകളായും അറിയപ്പെടുന്നുണ്ട്. ഇത്തരം വഴിവിട്ട ജീവതത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതുകൊണ്ടാണ് ബന്ധുക്കൾ യുവതിയെ വിലക്കിയത്. യുവതിയുടെ പിതാവ് അറിയപ്പെടുന്ന സിനിമ പ്രവർത്തകനും മാതാവ് റിട്ട. അദ്ധ്യാപികയുമാണ്. തങ്ങളുടെ അന്തസിന് ചേരാത്താവിധം ഏകമകളുടെ ജീവിതം വഴിതെറ്റി പോകുന്നതിൽ മാതാപിതാക്കൾക്കും അതിയായ ഉത്കണ്ഠയുണ്ടായിരുന്നു.

ആർഭാട ജീവിതം എങ്ങനെ

കഴിഞ്ഞ നവംബറിലാണ് യുവതി അരുണിനൊപ്പം ഒളിച്ചോടിയത്. അതിനുശേഷം കഴിഞ്ഞ ഒന്നരമാസം മുമ്പ് തൊടുപുഴയിൽ തിരിച്ചെത്തി വാടകവീട്ടിൽ താമസം തുടങ്ങിയെങ്കിലും ഇരുവർക്കും ജോലിയൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ആർഭാടമായ ജീവിതമാണ് നയിച്ചിരുന്നതെന്നതും നാട്ടുകാർക്കിടയിൽ സംശയങ്ങൾ ബലപ്പെടുകയാണ്.

രാത്രി പോകുന്നത് എങ്ങോട്ട്

മരണപ്പെട്ട ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കാർ ഇവരുടെ പക്കലുണ്ടായിരുന്നു. മിക്കവാറും രാത്രികളിൽ കാറുമെടുത്ത് ഇരുവരും പുറത്തുപോകുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ട്. രാത്രികാല പട്രോളിംഗിനിടെ പൊലീസ് പാർട്ടികളും ഇവരുടെ കാർ യാത്രകൾ ശ്രദ്ധിച്ചിട്ടുണ്ട്. കുട്ടിയെ മർദ്ദിച്ച ദിവസം രാത്രി ഒന്നരയ്ക്ക് ശേഷം വെങ്ങല്ലൂരിലെ തട്ടുകടയ്ക്ക് സമീപം പൊലീസ് ഇവരെ കണ്ടിരുന്നെങ്കിലും അസ്വഭാവികതയൊന്നും തോന്നാത്തതിനാൽ ചോദ്യം ചെയ്തില്ല. അതേസമയം അന്ന് ഇവരുടെ കാറിൽ മഴു ഉൾപ്പെടെയുള്ള ആയുധങ്ങളുണ്ടായിരുന്നുതാനും. എപ്പോഴും യുവതിയാണ് കാർ ഓടിച്ചിരുന്നത്. നിരവധി ട്രാഫിക് നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ട് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കപ്പെട്ടതുകൊണ്ടാണ് അരുൺ വാഹനം ഓടിക്കാതിരുന്നതെന്നാണ് വിവരം. അതേസമയം രാത്രിയാത്രയുടെ പിന്നിൽ യുവതിയെ മറയാക്കി മയക്കുമരുന്ന് ക്വട്ടേഷൻ ഇടപാടുകളായിരുന്നോ എന്നും നാട്ടുകാർ ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അരുണിന്റെ പിതാവ് മരിച്ചതിന് ശേഷം ഇയാൾക്ക് നന്ദൻകോട്ടെ സ്വന്തം വീടുമായും കാര്യമായ അടുപ്പമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.