തൊടുപുഴ : 2018- 19 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ഫണ്ട് ചിലവഴിക്കലിലും നികുതി പിരിവിലും നൂറ് ശതമാനം കൈവരിച്ച് വെള്ളിയാമറ്റം പഞ്ചായത്ത് സംസ്ഥാനത്ത് മുന്നിലെത്തി. ഇവ രണ്ടും നൂറ് ശതമാനം കൈവരിച്ച സംസ്ഥാനത്തെ ഏക പഞ്ചായത്തെന്ന അംഗീകാരവും വെള്ളിയാമറ്റത്തിന് ലഭിച്ചു. സാമ്പത്തിക വർഷം 3.65 കോടി രൂപയാണ് ഇവിടെ ചെലവഴിച്ചത്. എസ്.ടി വിഭാഗത്തിന് അനുവദിച്ചിരുന്ന 1 കോടി 13 ലക്ഷം രൂപയും എസ്.സി. വിഭാഗത്തിന് അനുവദിച്ച 23 ലക്ഷം രൂപയും പൂർണമായും ചെലവഴിച്ചു. ബാലസൗഹൃദ വയോജന സൗഹൃദ പഞ്ചായത്ത് എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കും ജലസംരക്ഷണ മേഖലയിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കും പ്രത്യേക അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. തലശേരിയിൽ നടന്ന ജൈവവൈവിദ്ധ്യ കോൺഗ്രസിലും തൃശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടികളിലും വെള്ളിയാമറ്റത്തിന്റെ വികസന നേട്ടങ്ങൾ ചിത്രീകരിച്ച സ്റ്റാളിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി ഊരുമൂപ്പൻമാർക്ക് പഞ്ചായത്ത് ആസ്ഥാനത്ത് ഊരുസഭ കാര്യാലയം തുറന്നതും ഗോത്ര പൈതൃക ജൈവ വൈവിദ്ധ്യം ചിത്രീകരിക്കുന്ന മ്യൂസീയം പഞ്ചായത്ത് ഓഫീസിൽ തുറന്നതും ഈ സാമ്പത്തിക വർഷമാണ്.