ec

ഇടുക്കി : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർത്ഥികളെ മുട്ടുകുത്തിച്ച അപരന്മാരിൽ പലരും ഇത്തവണ ഗോദയ്‌ക്ക് പുറത്ത്. 1951ലെ ജനപ്രാതിനിദ്ധ്യ നിയമത്തിന്റെ 10 -എ വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയ സ്ഥാനാർത്ഥികളിൽ അറിയപ്പെടുന്ന പ്രമുഖരുടെ അപരന്മാരുമുണ്ട്. പ്രചാരണച്ചെലവ് ബോധിപ്പിക്കണമെന്ന നിബന്ധന പാലിക്കാത്തതിനും പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനുമാണ് വിലക്ക്. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനെതിരെ മത്സരിച്ച ആർ. പ്രേമചന്ദ്രനും വി.എസ്. പ്രേമചന്ദ്രനും 2021 ജൂലായ് 26 വരെയും പാലക്കാട്ട് എം.പി. വീരേന്ദ്രകുമാറിന്റെ അപരനായിരുന്ന ഒ.പി. വീരേന്ദ്രകുമാറിന് 2022 മാർച്ച് എട്ട് വരെയും മത്സരിക്കാനാവില്ല. ആറ്റിങ്ങലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. സമ്പത്തിനെതിരെ മത്സരിച്ച സമ്പത്ത് അനിൽകുമാറിനും ആലത്തൂരിൽ പി.കെ. ബിജുവിനെതിരെ ഇറങ്ങിയ എ. ബിജു, കെ. ബിജു എന്നിവർക്കും 2022 ജനുവരി 14 വരെ അങ്കത്തിനിറങ്ങാനാകില്ല. പത്തനംതിട്ടയിലെ ഇടത് സ്വതന്ത്രനായിരുന്ന അഡ്വ. പീലിപ്പോസ് തോമസിന്റെ അപരൻ വേലിക്കാലായിൽ പീലിപ്പോസിന് 2021 ജൂലായ് 26 വരെയാണ് വിലക്ക്. 2014ൽ കോട്ടയത്ത് മത്സരിച്ച ബി.എസ്.പി സ്ഥാനാർത്ഥി ശ്രീനി കെ. ജേക്കബ്, രതീഷ് പെരുമാൾ, മാവേലിക്കരയിലെ പള്ളിക്കൽ സുരേന്ദ്രൻ, പത്തനംതിട്ടയിൽ സെലീന പ്രാക്കാനം, മാത്യു പ്യാരി എന്നിവർക്ക് 2021 ജൂലായ് 26 വരെയും മലപ്പുറത്ത് ഇല്യാസ്, പാലക്കാട് എസ്. രാജേഷ്, സി.കെ. രാമകൃഷ്ണൻ, ആലത്തൂരിൽ അമ്പലക്കാട് വിജയൻ, വേലായുധൻ, ഇടുക്കിയിൽ ടി.കെ. ടോമി, ജയിംസ് ജോസഫ്, ഷോബി ജോസഫ്, സോമിനി പ്രഭാകരൻ, ആറ്റിങ്ങലിൽ തോന്നയ്ക്കൽ സുരേഷ് കുമാർ, തിരുവനന്തപുരത്ത് തോമസ് ജോസഫ്, ബെന്നറ്റ് ബാബു ബെഞ്ചമിൻ എന്നിവർക്ക് 2022 ജനുവരി 14 വരെയും വിലക്കുണ്ട്.