തൊടുപുഴ: ആലുവ രാജഗിരി ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കൺസൾട്ടിംഗ് സേവനം ടെലിമെഡിസിൻ സർവീസിലൂടെ കരിങ്കുന്നം സെഡാർ ആശുപത്രിയിൽ ഇന്നുമുതൽ ലഭ്യമാകുമെന്ന് സെഡാർ സി.ഇ.ഒ എം.കെ. സുകുമാരൻ, ഡയറക്ടർ കെ.ആർ. അജയകുമാർ, പി.ആർ.ഒ രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുഗാഞ്ജലി എന്റർപ്രൈസസിന്റെ ഹെൽത്ത് കെയർ പദ്ധതിയുടെ ഭാഗമായാണ് ഇടുക്കി, കോട്ടയം ജില്ലകളിലെ രോഗികൾക്കുവേണ്ടി ടെലിമെഡിസിൻ സർവീസ് ആരംഭിക്കുന്നത്. പുതുതായി എത്തുന്നവർക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിനും നിലവിൽ രാജഗിരിയിലെ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് തുടർ പരിശോധനകൾക്കും വേണ്ടി ആലുവവരെ യാത്രചെയ്യാതെ കുറഞ്ഞ ചെലവിൽ കൺസൾട്ടിംഗ് ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. എല്ലാദിവസവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഓൺലൈൻ സേവനം ഉണ്ടാകും. ആവശ്യമായ രോഗികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് നിശ്ചിത ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയാൽ മതിയെന്നും അധികൃതർ പറഞ്ഞു.