ഇടുക്കി: പീരുമേട് മണ്ഡലത്തിൽ സൗഹൃദം പുതുക്കി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ്. ചക്കുപള്ളത്തു നിന്നാണ് സ്ഥാനാർത്ഥിയുടെ ഇന്നലത്തെ സൗഹൃദ സന്ദർശനം ആരംഭിച്ചത്. അണക്കര, ആറാംമൈൽ, അമരാവതി, റോസാപ്പൂക്കണ്ടം, ചെളിമട, വണ്ടിപ്പെരിയാർ, കുട്ടിക്കാനം മേഖലകളിൽ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് സൗഹൃദം പുതുക്കി. ഇടയ്ക്ക് ആരാധനാലയങ്ങളിലും സന്യാസിമഠങ്ങളിലും കയറി അനുഗ്രഹം തേടാനും സ്ഥാനാർത്ഥി സമയം കണ്ടെത്തി. ചെന്നിടത്തെല്ലാം ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പീരുമേട് അസംബ്ലി നിയോജകമണ്ഡലം കൺവെൻഷനുകൾ പൂർത്തീകരിച്ചശേഷം എല്ലാ സ്ഥലങ്ങളിലെയും പ്രധാന വ്യക്തികളെ നേരിട്ടു കാണുന്ന തിരക്കിലാണ് ഡീൻ ഇപ്പോൾ.
'എന്റെ ബൂത്ത് എന്റെ അഭിമാനം' കാമ്പയിൻ
യുഡിഎഫിന്റെ 'എന്റെ ബൂത്ത് എന്റെ അഭിമാനം' ക്യാമ്പയിൻ തുടങ്ങി. ജില്ലയിലെ മുതിർന്ന നേതാക്കൾ മുതൽ ബൂത്ത് പ്രസിഡന്റുമാർ വരെയുള്ള എല്ലാ നേതാക്കളും പ്രവർത്തകരും അവരവരുടെ ബൂത്തുകളിൽ സജീവമായി പങ്കെടുത്തു.
നോമിനേഷൻ നാളെ
ഡീൻ കുര്യാക്കോസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജില്ലയിലെ മുതിർന്ന നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിക്കും.
ഡീൻ ഇന്ന് മൂവാറ്റുപുഴയും കോതമംഗലത്തും
ഡീൻ കുര്യാക്കോസ് ഇന്ന് മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മേഖലകളിൽ സൗഹൃദ സന്ദർശനം നടത്തും. രാവിലെ മൂവാറ്റുപുഴയിലും ഉച്ചകഴിഞ്ഞ് കോതമംഗലം, കോട്ടപ്പടി , പിണ്ടിമന, കീരംപാറ, കവളങ്ങാട് , പൊന്നാരിമംഗലം, വാരപ്പെട്ടി എന്നീ മേഖലകളിൽ അദ്ദേഹം സന്ദർശനം നടത്തും.