konna
വാളാർഡി ചെങ്കര റോഡിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്ന

വണ്ടിപ്പെരിയാർ: വിഷുവിന് രണ്ടാഴ്ച ശേഷിക്കെ തോട്ടം മേഖലയിൽ സ്വർണനിറമണിഞ്ഞ് കണിക്കൊന്നപൂത്തു. ഇത്തവണ എപ്രിൽ 15 നാണ് വിഷു. ജനുവരി മുതൽ പലയിടത്തും കണിക്കൊന്ന പൂവിട്ട് തുടങ്ങിയിരുന്നു. മണ്ണിലെ ജലാംശം പരിധിവിട്ട് കുറയുമ്പോഴാണ് കണിക്കൊന്ന പൂവിടുന്നത്. പ്രളയാനന്തരം ഭൂഗർഭജലത്തിന്റെ തോതിൽ കുറവുവന്നതായി റിപ്പോർട്ടുകളുണ്ട്. കണിക്കൊന്നയുടെ സ്വർണനിറം കൂട്ടുന്നതും ചൂടിന്റെ കാഠിന്യമാണ്. ചൂടുകൂടുമ്പോൾ സസ്യത്തിലെ ഫ്ളോറിജന്റെ അളവുകൂടുന്നു. ഇതോടെ പതിവായി മാർച്ച് അവസാനത്തോടെ എത്തിയിരുന്ന കണിക്കൊന്നക്കാലം ജനുവരിയിലേക്കും ഫെബ്രുവരിയിലേക്കുമെല്ലാം മാറി. കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന തായ്‌ലൻഡിന്റെ ദേശീയ പുഷ്പവുമാണ്. കാഷ്യ ഫിസ്റ്റുല വിഭാഗത്തിലെ സസ്യമാണ് ഇവ. സംസ്‌കൃതത്തിൽ കർണികാരമെന്നാണ് പേര്. ഇംഗ്ലീഷിൽ ഇന്ത്യൻ ലബേനം, ഗോൾഡൻ ഷവർ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. സരകൊണ്ടരിയെന്നാണ് തമിഴിൽ അറിയപ്പെടുന്നത്. കൊടുംവേനലിന് തൊട്ടുമുമ്പ് പൂവിട്ട് കാലവർഷത്തിന് തുടക്കത്തിൽ വിത്തുകൾ പാകപ്പെടുന്ന മരമാണ് കണിക്കൊന്ന. വിഷുവിന് പൂക്കുന്ന കണിക്കൊന്നയ്ക്ക് ഔഷധ ഗുണങ്ങളും ഏറെയാണ്. തൊലിപ്പുറത്തെ രോഗങ്ങൾ അകറ്റാൻ അത്യുത്തമം. അതിന്റെ എണ്ണ ഉണ്ടാക്കി പുരട്ടുന്നതും നല്ല ഫലം ചെയ്യും. സോറിയാസിസ് നിയന്ത്രിച്ചു നിറുത്താൻ കണിക്കൊന്നയക്ക് കഴിവുണ്ട്. കണിക്കൊന്നപ്പട്ട നന്നായി അരച്ച് നീരും വേദനയുമുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനമുണ്ടാകും.