ഇടുക്കി. എൻ.ഡി.എ സ്ഥാനാർഥി ബിജു കൃഷ്ണന്റെ മണ്ഡല പ്രചരണ യാത്രയ്ക്ക് ആവേശകരമായ സ്വീകരണം. ഇന്ന് രാവിലെ വാഗമണ്ണിൽ നിന്ന് ആരംഭിച്ച പ്രചരണയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പേരാണ് സ്വീകരണം നൽകിയത്. കുമളിയിൽ നടന്ന സ്വീകരണത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ടൂറിസം രംഗം നേരിടുന്ന പ്രശ്‌നങ്ങളും ചർച്ചാവിഷയമായി. കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ തേക്കടിയിലേക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമാണ് കുമളി. അതുകൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്ന് അയ്യപ്പ ദർശനത്തിന് കൂടുതൽ ഭക്തന്മാർ എത്തുന്നതും കുമളി വഴിയാണ്. എല്ലാ കാലത്തും ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചർച്ചാവിഷയം ആകാറുണ്ട്. മാറിവരുന്ന ഭരണസംവിധാനങ്ങൾ ഒന്നും നാളിതുവരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ സൗകര്യ വികസനത്തിന് ആവശ്യമായ പദ്ധതികൾ രൂപീകരിക്കുക ചെയ്യാത്തത് നിരാശാജനകമാണെന്ന് ബിജു കൃഷ്ണൻ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളിൽ ഒന്നാണ് ടൂറിസം. അതുകൊണ്ടുതന്നെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കേണ്ടതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതും അത്യന്താപേക്ഷിതമാണ്. തന്റെ എല്ലാവിധ പിന്തുണയും അതിന് ഉണ്ടാകുമെന്ന് വോട്ടർമാർക്ക് ഉറപ്പു നൽകിയ ശേഷമാണ് ബിജു കൃഷ്ണൻ യാത്ര തുടർന്നത്. വാഗമൺ, വളകോട്, ഉപ്പുതറ, മേരികുളം, ആനവിലാസം, ചക്കുപള്ളം, കുട്ടിക്കാനം, ഏലപ്പാറ, പെരുവന്താനം, ഒന്നാംമൈൽ, പെരിയാർ എന്നിവിടങ്ങളിൽ പര്യടനം നടത്തി. അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനെ പറ്റിയും കുടിവെള്ള പ്രശ്‌നവും സംസാരവിഷയമായി. മുപ്പത്തിയഞ്ചാം മൈലിൽ പര്യടനം അവസാനിപ്പിച്ചു.