പീരുമേട്: ഹലോ, നമസ്കാരം... ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥി...." ഇങ്ങനെ തുടങ്ങുന്ന ഫോൺ വിളി പലർക്കും ഇതിനകം ലഭിച്ചുണ്ടാകും. സ്ഥാനാർത്ഥി നേരിട്ട് ഫോൺ വിളിച്ച സ്ഥിതിക്ക് നമ്മുടെ കഷ്ടപാടും ദുരിതമെല്ലാം പറഞ്ഞുകളയാമെന്ന് കരുതണ്ട. സ്ഥാനാർത്ഥികളുടെ റെക്കോർഡ് ചെയ്ത വോയ്‌സാകും ഫോണിലൂടെ കേൾക്കുക. ഇതറിയാതെ അങ്ങോട്ട് സംസാരിച്ച് ചമ്മിപോയ വോട്ടർമാരും കുറവല്ല. തിരഞ്ഞെടുപ്പിൽ വിജയം മാത്രം മുന്നിൽ കണ്ടിറങ്ങുന്ന സ്ഥാനാർത്ഥികൾ നിരവധി പ്രചരണ തന്ത്രങ്ങളാണ് പയറ്റുന്നത്. അതിൽ ഏറ്റവും പുതുമയേറിയതാണ് വോട്ടർമാരെ ഫോണിൽ വിളിച്ച് സ്വയം പരിചയപ്പെടുത്തിയ ശേഷം വോട്ട് അഭ്യർത്ഥിക്കുന്ന പരിപാടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പല സ്ഥാനാർത്ഥികളും ഈ പ്രചരണ തന്ത്രം പ്രയോഗിച്ചിരുന്നു. പലവഴിയിലും പ്രചരണം കൊഴുക്കുന്നതിനിടയിലാണ് സാധാരണക്കാരെ നേരിൽ കാണുന്നതോടൊപ്പം ഫോണിൽ വിളിച്ചുള്ള വോട്ടു തേടലും. നിരവധിപേർക്ക് ഇതിനകം ഫോണിലൂടെ വോട്ട് അഭ്യർഥന ലഭിച്ചു. ഒരാൾക്ക് തന്നെ ഒരു നമ്പറിൽ ഒന്നിലധികം തവണ ഫോൺ കോളുകൾ വന്നതായും നാട്ടുകാർ പറയുന്നു. പ്രത്യേക പരസ്യ ഏജൻസികൾ വഴിയാണ് സ്ഥാനാർത്ഥികൾ ഫോൺ വിളിച്ചുള്ള പ്രചരണം നടത്തുന്നത്.
യുവ വോട്ടർമാരെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണവും ശക്തമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മാത്രം പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ടുകളും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും തുടങ്ങിയിരിക്കുകയാണ് സ്ഥാനാർഥികളും മുന്നണികളും. പ്രഖ്യാപനങ്ങളും ആശംസകളും പ്രചരണ ഫേട്ടോകളും വീഡിയോകളും ആളുകളിലേയ്ക്ക് നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം. നല്ല ആപ്ത വാക്യങ്ങളുമായി പരസ്പരം മത്സരിച്ചാണ് പാർട്ടികൾ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് സജീവമായിരിക്കുന്നത്.