vattupura
കാട്ടുതീയിൽ നശിച്ചവാറ്റുപുര

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ തീർത്ഥമല മലനിരകളിൽ കാട്ടുതീ പടർന്ന് കുരുമുളക്, ഏലം, തൈല പുല്ല് കൃഷികൾക്ക് വ്യാപക നഷ്ടം. തൈല പുല്ല് വാറ്റു കേന്ദ്രങ്ങളും കത്തിനശിച്ചു. തൈലം വാറ്റി കൊണ്ടിരുന്ന ഭർത്താവും ഭാര്യയും കാട്ടുതീയിൽ പെടാതെ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. തീർത്ഥ മല ആദിവാസി കോളനിയിലെ രംഗരാജും ഭാര്യ മുരുക ലക്ഷ്മിയുമാണ് ചുറ്റും തീ പടർന്ന ചെങ്കുത്തായ മലയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. വനം വകുപ്പിൽ വാച്ചറായ കാശി പാണ്ടി ദൂരെ വനം കാവലിന് നിൽക്കുമ്പോഴാണ് സ്വന്തം കാട്ടിൽ തീ പടരുന്നത് കണ്ടത്. ഓടിയെത്തിയെങ്കിലും വർഷങ്ങളുടെ പ്രയത്‌നം മുഴുവൻ തീയിൽ കത്തിയമരുന്നത് നോക്കി നിൽക്കേണ്ടി വന്നു. തീർത്ഥ മല ആദിവാസി കോളനിയിലെ കാശിപ്പാണ്ടി ദുരൈരാജ്, രംഗൻ സുബ്രമണി എന്നിവരുടെ വാറ്റുപുരകൾ കത്തിനശിച്ചു. കാശി പാണ്ടിയുടെ 50 കിലോ പുൽതൈലവും തീയിൽ നശിച്ചു. ഇവരുടെ അഞ്ച് ഏക്കർ പുല്ല് കൃഷിയും കത്തിനശിച്ചു. ചെല്ലദുരൈയുടെ രണ്ട് ഏക്കറിലെ കുരുമുളക്, ഏലം, വാഴ കൃഷിയും പൂർണമായും തീയിൽപ്പെട്ടു. ഹരികൃഷ്ണൻ, ചെല്ല ദുരൈ എന്നിവരുടെ കൃഷികളും കത്തിനശിച്ചു. കേരളത്തിൽ ആദ്യമായി നീലക്കുറിഞ്ഞിപ്പൂക്കൾ പൂവിട്ടത് തീർത്ഥ മലനിരകളിലാണ്. ഈ മലകളിലെ വിലമതിക്കാനാവാത്ത കുറിഞ്ഞി ചെടികൾ എല്ലാം തീയിൽ നശിച്ചു. തീർത്ഥ മലകുടിക്ക് സമീപമുള്ള ചോലക്കാടുകളിലേക്ക് തീ പടരാതിരിക്കാനുള്ള കഠിനശ്രമമാണ് കുടിക്കാരും വനം വകുപ്പും നടത്തിയത്. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്. ആരോ സ്വന്തം സ്ഥലത്ത് തീയിട്ടത് നിയന്ത്രിക്കാൻ കഴിയാതെ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു.