മറയൂർ: തമിഴ്‌നാട്ടിൽ നിന്ന് കാന്തല്ലൂരിലേക്ക് വന്ന ഇന്നോവ കാർ കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന കോയമ്പത്തൂർ ഓണ്ടിപുത്തൂർ സ്വദേശികളായ ഏഴ് യുവാക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കാന്തല്ലൂരും മൂന്നാറും സന്ദർശിക്കാൻ എത്തിയതായിരുന്നു സംഘം. ഞായറാഴ്ച രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. മറയൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ വളവിൽ എതിരെ വന്ന ആട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോഴാണ് കാർ 10 അടി താഴ്ചയിലുള്ള മണികുറ്റിയിൽ ഷിബു എന്നയാളുടെ സിമന്റ് ഇഷ്ടിക നിർമ്മാണ ശാലയുടെ മേൽക്കൂരയുടെ മുകളിലേക്ക് മറിഞ്ഞത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. വളവിൽ റോഡിന് വശങ്ങളിൽ സ്ഥാപിച്ചിരുന്ന കലുങ്ക് നേരത്തെ കെട്ടിട ഉടമ പൊട്ടിച്ചു മാറ്റിയതിനാലാണ് കാർ കുഴിയിലേക്ക് മറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. മറയൂർ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.