shyni
പൊൻമുടി തൂക്കുപാലത്തിന് സമീപം കച്ചവടം നടത്തുന്ന ഷൈനി.

രാജാക്കാട്: പ്രളയകാലത്തെ ഉരുൾപൊട്ടലിൽ വീടും കടയും ഉപകരണങ്ങളും ഉൾപ്പെടെ അന്നേവരെ നേടിയ സർവ്വതും നഷ്ടപ്പെട്ടിട്ടും ആത്മധൈര്യത്തിന്റെ ബലത്തിൽ ജീവിതം വീണ്ടും പച്ചപിടിപ്പിക്കുകയാണ് ഈ വീട്ടമ്മ. പന്നിയാർകൂട്ടി തടത്തിൽ ഷൈനിയാണ് നഷ്ടങ്ങളിലും പ്രതിസന്ധിയിലും തളരാതെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി തൂക്കുപാലത്തിന് സമീപം വഴിവക്കിൽ നാരങ്ങാവെള്ളവും ബേക്കറി സാധനങ്ങളും ഐസ് ക്രീമും വിറ്റ് ഏക മകളുടെ പഠനത്തിനും കുടുംബച്ചെലവുകൾക്കുമുള്ള വഴി കണ്ടെത്തുന്നത്. ഷെഡ്ഡ് നിർമ്മിക്കാൻ അനുവാദമില്ലാത്തതിനാൽ ചെറിയൊരു ടാർപ്പോളിൻ വലിച്ചുകെട്ടി പൊള്ളുന്ന വെയിലിനെയും ചൂടിനെയും അവഗണിച്ചാണ് കച്ചവടം. പ്രളയത്തിൽ മറ്റ് സ്ഥാപനങ്ങൾക്കൊപ്പം ഇവരുടെ കടയും വീടും തകർന്നു. പ്ലസ് ടു വിദ്യാർഥിനിയായ മകൾ ലക്ഷ്മിക്കൊപ്പം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറിയനതിനാൽ ആളപായം ഉണ്ടായില്ല. പ്രളയശേഷം മടങ്ങിപ്പോകാൻ ഇടമില്ലാത്തതിനാൽ വാടകക്കെട്ടിടത്തിലേയ്ക്ക് മാറി. മാദ്ധ്യമങ്ങളിലൂടെ ഈ കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ് നിരവധി വ്യക്തികളും സംഘടനകളും സഹായവുമായെത്തി. കട നടത്താൻ ലക്ഷിമിയുടെ സഹപാഠികളും അദ്ധ്യാപകരും ചേർന്ന് തൂക്കുപാലത്തിനു സമീപം താൽക്കാലിക ഷെഡ് പണിതുകൊടുത്തെങ്കിലും പ്രവർത്തനം തുടങ്ങുന്നതിന്റെ തലേ രാത്രി സാമൂഹിക വിരുദ്ധർ തകർത്തെറിഞ്ഞു. ഉള്ളിൽ ഉണ്ടായിരുന്ന മേശയും കസേരകളും അപഹരിക്കുകയും ചെയ്തു. ഉരുൾപൊട്ടിയ ഭാഗത്ത് അപകട സാദ്ധ്യത നിലനിൽക്കുന്നതിനാൽ വീടോ കടയോ ഉണ്ടാക്കുന്നതിനും അനുവാദം ലഭിച്ചില്ല. മുന്നോട്ടുള്ള വഴി അടയുന്നു എന്നു തോന്നിയപ്പോളാണ് അവസാന പരീക്ഷണമെന്ന നിലയിൽ പടുതയും മേശയും മിഠായി ഭരണികളുമൊക്കെ സംഘടിപ്പിച്ച് ഷെഡ് ഇരുന്ന സ്ഥാനത്ത് ടാർപ്പോളിൻ വലിച്ചുകെട്ടി കച്ചവടമാരംഭിച്ചത്. ദുരിതങ്ങളുടെ നടുവിലാണെങ്കിലും അത് പുറത്തുകാണിക്കാതെ സഞ്ചാരികളോട് പുഞ്ചിരിയോടെ പെരുമാറി. അന്നന്നത്തെ വകയ്ക്ക് കഷ്ടിയായിരുന്നു ആദ്യമൊക്കെ വിൽപ്പന. ആൺതുണയില്ലാത്ത ഈ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കി രാജാക്കാട് ഗവ. സ്‌കൂളിലെ അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേർന്ന് ഒരു പെട്ടിആട്ടോറിക്ഷ വാങ്ങി നൽകി. ഒരു അമേരിക്കൻ സംഘടനയുടെ അംഗങ്ങൾ ഐസ്‌ക്രീം വിൽപ്പനയ്ക്കായി ഫ്രീസർ നൽകി. മറ്റൊരു സംഘടന മേശയും മറ്റുപകരണങ്ങളും സംഭാവന ചെയ്തു. സർക്കാരിൽ നിന്ന് കിട്ടിയ നാല് ലക്ഷം രൂപകൊണ്ട് വീട് പണിയാൻ അഞ്ച് സെന്റ് സ്ഥലം വാങ്ങിക്കാനും മറ്റൊരു രണ്ട് ലക്ഷം കൊണ്ട് കച്ചവടത്തിനുള്ള സാധനങ്ങൾ വാങ്ങാനും കഴിഞ്ഞു. ഒഴുകിയെത്തിയ സഹായങ്ങൾ ഇരുട്ട് വീണ ജീവിതത്തിൽ വെളിച്ചവും ആത്മധൈര്യവും ആവോളം പകർന്നു. ആ കരുത്തിന്റെ പിൻബലത്തിൽ സുരക്ഷിതമായൊരു വീടും, മകളുടെ വിദ്യാഭ്യാസവും സ്വപ്നം കാണുകയാണ് ഈ സ്ത്രീ.