മറയൂർ: കാട്ടു തീ നിയന്ത്രിക്കാൻ സമൂഹ മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായംതേടി വനം വകുപ്പ്. കാട് കത്തുന്നത് നാട് കാത്തുന്നതിന്റെ തുടക്കമാണെന്നും വനം വകുപ്പിന് സഹായിക്കാൻ ഒരാളും മുന്നോട്ട് വന്നിട്ടില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കാട്ടു തീ അണയ്ക്കാൻ ഏത് സംഘടനയിൽപ്പെട്ടവരാണെങ്കിലും ഒരു കൈ സഹായത്തിനു തയ്യാറാണെങ്കിൽ പാമ്പാടും ഷോലയിലെ മെത്താപ്പ് ചെക്‌പോസ്റ്റിൽ എത്രയും വേഗം എത്തുക എന്ന സന്ദേശമാണ് അവർ സമൂഹമാദ്ധ്യമങ്ങളിൽ നൽകിയിരിക്കുന്നത്. പാമ്പാടും ഷോല റേഞ്ച് ഓഫിസർ എം.കെ. ഷമീർ (8547603 258), ചിന്നാർ റേഞ്ച് ഓഫീസർ പി.എം. പ്രഭു 8547603220 എന്നിവരെ ബന്ധപ്പെടണമെന്നും അറിയിക്കുന്നു. വട്ടവട വില്ലേജിലെ ബ്ലോക്ക് 60 ,62 എന്നീ മേഖലകളിലെ സ്വകാര്യ ഭൂമിയിലാണ് കാട്ടു തീ പിടിച്ചിരിക്കുന്നത്. അവിടെ നിന്ന് വനം വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത മേഖലയായ മന്നവൻ ചോലയിൽ പ്രവേശിക്കാതിരിക്കാൻ വനം വകുപ്പ് ജീവനക്കാരെയും കണ്ണൻ ദേവൻ തേയില കമ്പനിയിലെ തൊഴിലാളികളെയും ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് മൂന്നാർ വന്യജീവി ഡിവിഷനിലെ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി പറഞ്ഞു.