പീരുമേട്: ഓട്ടത്തിനിടയിൽ കാർ കത്തി നശിച്ചു. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിൽ കുട്ടിക്കാനത്തിന് സമീപം ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ നെടുങ്കണ്ടം സ്വദേശി നെല്ലിമല സലീമിന്റെ കാറാണ് കത്തിയത്. ചങ്ങനാശ്ശേരിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം നെടുങ്കണ്ടത്തേയ്ക്ക് മടങ്ങുകയായിരുന്നു ഇവർ. കാറിൽ അഞ്ച് പേരുണ്ടായിരുന്നു. പീരുമേട് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. പീരുമേട് അഗ്നിശമന സേനാംഗങ്ങളായ ഹരിദാസ്, ജോസഫ്, ജയകുമാർ, അനു കുമാർ, രജീവ്, മുഹമ്മദ് റാഫി എന്നിവർ നേതൃത്വം കൊടുത്തു. എട്ട് മാസത്തിനുള്ളിൽ കുട്ടിക്കാനത്തും സമീപത്തുമായി നാല് കാറുകളാണ് കത്തി നശിച്ചത്.