കൗമുദി ടി വി ചാനൽ സംപ്രേഷണം ചെയ്യുന്ന മഹാഗുരു നിറഞ്ഞ മനസോടെയാണ് ഞാൻ കാണുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ചിന്തകളും നാം അനുസ്മരിക്കണം.
കാലം മാറിയെങ്കിലും ഗുരുവിന്റെ ചിന്തകളുടെ പ്രസക്തി ഇപ്പോഴും നിലനിൽക്കുന്നു.ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്. നമ്മൾ മനസ്സിൽ കൊത്തിവെച്ച് സൂക്ഷിക്കേണ്ട വാചകമാണിത്. ഒരൊറ്റ വാചകത്തിൽ ഒരു ഇതിഹാസം തന്നെ അദ്ദേഹം രചിച്ചിരിക്കുന്നു.
സമകാലീന കേരളാനുഭവങ്ങൾ പറയുന്നത്, ഗുരുവിന്റെ മാനവികതയിലൂന്നിയ ഈ ദർശനം നമ്മൾ മറന്നുപോയി എന്നാണ്. ജാതിവ്യവസ്ഥക്കെതിരായ പ്രക്ഷോഭങ്ങൾ, തൊട്ടുതീണ്ടായ്മക്കെതിരായ പ്രക്ഷോഭങ്ങൾ, ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ, പഠിക്കുവാനുള്ള അവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ, കീഴ്ജാതിക്കാരായ സഹോദരിമാർക്ക് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ... അങ്ങനെ എത്രയെത്ര പോരാട്ടങ്ങൾ. ഈ സമരങ്ങൾക്കൊക്കെയും ഗുരുചിന്ത പ്രചോദനമായിരുന്നു.
ഗുരുദേവനില്ലായിരുന്നെങ്കിൽ മലയാളിയുടെ സ്വത്വം തന്നെ മറ്റൊന്നായിപ്പോയേനെ. ഏതെങ്കിലും ഒരു ജാതിക്കോ മതത്തിനോ മാത്രം അവകാശപ്പെട്ടതല്ല ഗുരുദേവൻ. ഇത്തരം വിഭാഗീയതയ്ക്കപ്പുറം പ്രകാശിച്ചു നിൽക്കുന്നതാണ് ഗുരുചിന്തകൾ. മനുഷ്യന് ഒരു മതം മാത്രം മതിയെന്ന് ഗുരു പറയുമ്പോൾ അത് ഹിന്ദുമതം മാത്രമാണെന്ന് വിവക്ഷയില്ല. അത് മനുഷ്യമതമാണ്. മനുഷ്യമതത്തിൽ ഹൈന്ദവതയും ഇസ്ലാമും ക്രൈസ്തവരുമുണ്ട്. മറവികളുടെ കാലമാണിത്. ഗുരുദേവനെ അങ്ങനെ മറക്കുവാൻ പാടില്ല. കൗമുദി ടിവി യുടെ മഹാഗുരു പരമ്പര മറവിയിൽ നിന്നും ദുർവ്യാഖ്യാനങ്ങളിൽ നിന്നും ഗുരുചിന്തകളെ വീണ്ടെടുക്കുവാൻ സഹായിക്കും. ഗുരുദേവനെ ആഴത്തിൽ മനസിലാക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ഈ പരമ്പര നാമെല്ലാവരും കാണേണ്ടതാണ്.