കണ്ണൂർ: അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകിയും നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികളുമായി ഡെപ്യൂട്ടി മേയർ പി .കെ രാഗേഷ് കണ്ണൂർ കോർപറേഷൻ ബഡ് ജറ്റ് അവതരിപ്പിച്ചു. കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിൽ വിപുലമായ പാർക്കിംഗ് സൗകര്യത്തോടെ വ്യാപാര സമുച്ചയമുൾപ്പെടെയുള്ള കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
കണ്ണൂർ നഗരത്തിന്റെ ചരിത്രം, സാമൂഹികം, കലാ, സാംസ്‌കാരികം തുടങ്ങിയ മേഖലകളിൽ പുതുതലമുറക്ക് ഉപകാരപ്പെടുന്ന വിധം മ്യൂസിയം സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. നിർധനരും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരുമായ കോർപറേഷൻ പരിധിയിലെ കുടുംബങ്ങൾക്ക് തല ചായ്ക്കാനായി 'ഒരു കട്ടിൽ' പദ്ധതി നടപ്പിലാക്കും. ഇതിനായി 25 ലക്ഷം രൂപയാണ് വകയിരുത്തിയത്.50 വയസ്സ് പിന്നിട്ട കുട്ടികളില്ലാത്ത ദമ്പതികൾക്ക് വാർദ്ധക്യ ജീവിതം ഉല്ലാസകരമാക്കുന്നതിനും അവരുടെ സാമൂഹ്യ സുരക്ഷിതത്വത്തിനുമായി മാഗദീപം എന്ന പേരിൽ പദ്ധതി ആവിഷ്‌കരിക്കും. ഇതിനായി അഞ്ച് ലക്ഷം രൂപ നീക്കിവെക്കും.
കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും അലക്ഷ്യമായി വാഹനം പാർക്ക് ചെയ്ത് പിഴ ഒടുക്കേണ്ടി വരുന്ന പരാതിക്ക് പരിഹാരം കാണാൻ പാർക്കിംഗ് സഥലം ഉണ്ടാക്കുന്നതിനായി 20 ലക്ഷം രൂപയും നീക്കിവെച്ചു. ഡയാലിസിസ് ചെയ്തുവരുന്ന സർക്കാറിന്റെ യാതൊരു സഹായവും ലഭിക്കാത്ത അസുഖബാധിതരെ ഉൾപ്പെടുത്തി സ്പന്ദനം എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. ഇതിനായി 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. കണ്ണൂർ കോർപറേഷൻ പരിധിയിലെ റസിഡൻസ് അസോസിയേഷനുകൾക്ക് ഏകോപനമുണ്ടാക്കി വികസന, ഉൽപാദന, സേവന രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുന്നതിനുമായി 5 ലക്ഷം രൂപ നീക്കിവെച്ചു. ജവഹർ സ്‌റ്റേഡിയം പുനർനിർമ്മിക്കാൻ 2 കോടി രൂപയും എളയാവൂർ സോണിലെ മയ്യാലപീടിക ഓപ്പൺ സ്‌റ്റേജിനായി 5 ലക്ഷം രൂപയും എടക്കാട്ടെ മിനി സ്‌റ്റേഡിയം നവീകരിക്കുന്നതിനായി 20 ലക്ഷം രൂപയും ചേലോറ ഗവ.ഹയർസെക്കഡറി സ്‌കൂൾ ഗ്രൗണ്ട് നവീകരിക്കുന്നതിനായി 10 ലക്ഷം രൂപയും കോർപറേഷൻ പരിധിയിലെ വാസയോഗ്യമല്ലാത്ത വീടുകൾ പുനരുദ്ധാരണം നടത്താൻ 70 ലക്ഷം രൂപയും മുഴുവൻ സ്‌കൂളുകൾക്കും പൊതുവായ രീതിയിൽ നെയിം ബോർഡ് സ്ഥാപിക്കാൻ 5 ലക്ഷം രൂപയും സ്‌കൂൾ കുട്ടികൾക്ക് മുട്ടക്കോഴി വിതരണം ചെയ്യാൻ 5 ലക്ഷം രൂപയും വനിതകൾക്ക് മുട്ടക്കോഴി വിതരണം ചെയ്യാൻ 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അംഗൻവാടി ഫെസ്റ്റിനായി 3 ലക്ഷം രൂപയും കാൻസർ നിയന്ത്രണ പദ്ധതിക്കായി 10 ലക്ഷം രൂപയും ദസറ ആഘോഷത്തിനായി 1 കോടി രൂപയും ചേലോറയിൽ ഓൾഡ് ഏജ് ഹോം നിർമ്മിക്കാനായി 1 കോടി രൂപയും സൗജന്യ വാട്ടർ കണക്ഷൻ നൽകാൻ 2 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ചുംജവാന്മാർക്ക് ബിഗ് സല്യൂട്ട് നൽകിയുമാണ് ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്. മേയർ ഇ.പി. ലത അദ്ധ്യക്ഷത വഹിച്ചു.