കണ്ണൂർ:ജനകീയാസൂത്രണത്തിലെ പദ്ധതികൾ കോപ്പിയടിക്കുകമാത്രമാണ് കോർപ്പറേഷൻ ബഡ്ജറ്റിൽ ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് കൗൺസിൽ പാർട്ടി ലീഡർ അഡ്വ ടി .ഒ മോഹനനും മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ സി .സമീറും പറഞ്ഞു.
കോർപറേഷനിൽ അതിനനുസരിച്ചുള്ള പദ്ധതികളാണ് വേണ്ടത്. എന്നാൽ ഗ്രാമപഞ്ചായത്തുകൾ നടപ്പിലാക്കുന്ന പദ്ധതികളെക്കാൾ ചെറിയ പദ്ധതികളാണ് ബഡ്ജറ്റിൽ പറഞ്ഞിരിക്കുന്നത്. കോർപറേഷൻ എന്ന നിലയിലുള്ള കാഴ്ചപ്പാടില്ലാതെ, മുൻകരുതൽ ഇല്ലാതെയാണ് ബഡ്ജറ്റ്. കോർപ്പറേഷൻ ബഡ്ജറ്റിനേക്കാൾ ഭേദം പഞ്ചായത്തുകൾ അവതരിപ്പിച്ച ബഡ്ജറ്റാണെന്നും കണ്ണൂർ കോർപറേഷനാണെന്ന ചിന്ത പോലുമില്ലാതെയാണ് ബഡ്ജറ്റ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ബഡ്ജറ്റ് നിരാശാജനകമാണ്. ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തതാണ് ബഡ്ജറ്റ്. കേവലം 18 മിനുട്ടിനുള്ളിൽ ബഡ്ജറ്റ് അവതരിപ്പിച്ച് ഡപ്യൂട്ടി മേയർ സീറ്റിലിരുന്നു. ഇത് കേരളത്തിന്റെ തന്നെ ചരിത്രത്തിലെ റെക്കാർഡായി മാറും. ഇത്രയും ചുരുങ്ങിയ സമയത്ത് ബഡ്ജറ്റ് അവതരിപ്പിച്ചയാൾ വേറെയുണ്ടാവില്ല. പദ്ധതികൾ ഒന്നുമില്ലാത്തത് കൊണ്ടാണ് വേഗത്തിൽ വായിച്ച് തീർന്നത്. കഴിഞ്ഞവർഷം എ .പി .ജെ അബ്ദുൾ കലാമിന്റെ സ്വപ്നം എന്ന് പറഞ്ഞു. ഈ വർഷം അമർത്യാസെന്നിന്റെ സ്വപ്നം എന്നാണ് പറയുന്നത്. എന്നാൽ ബഡ്ജറ്റ് കേൾക്കുന്ന ആൾക്ക് ആരുടെയും സ്വപ്നം ഇതിൽ ഉള്ളതായി കാണാൻ പറ്റില്ലെന്നും പ്രതിപക്ഷം ആരോപിച്ചു .