murder

കാസർകോട്: കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയതോടെ അഞ്ചു പ്രമുഖർ ഒളിവിൽ പോയി. കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ നൽകിയ മൊഴി പ്രകാരം പ്രതിപ്പട്ടികയിൽ വരുമെന്ന് ഉറപ്പായതോടെയാണ് ഇവർ സ്ഥലംവിട്ടത്.

ഇരട്ടക്കൊലപാതകത്തിൽ ഇരുപതോളം പേർക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്. 'മുകളിൽ നിന്ന് ' അനുവാദം കിട്ടിയാൽ മാത്രം ഇവരെയെല്ലാം പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും.

കൊലയുടെ സൂത്രധാരന്മാരിൽ പ്രധാനിയായ സി.പി.എം പ്രാദേശിക നേതാവ് ശാസ്താ ഗംഗാധരനുൾപ്പെടെ കുടുംബത്തിലെ ആറു പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. ഗംഗാധരന്റെ മകൻ ഗിജിനെയും മരുമകൻ അശ്വിനെയും അറസ്റ്റു ചെയ്തിരുന്നു. ഇരുവരും ഇപ്പോൾ കാഞ്ഞങ്ങാട് സബ്ജയിലിലാണ്. ഒളിവിൽ പോയ ശാസ്താ ഗംഗാധരൻ, അനുജന്മാരായ ശാസ്താ മധു, പത്മനാഭൻ, മറ്റൊരു ബന്ധു മുരളി എന്നിവരെ കണ്ടെത്താൻ അന്വേഷണ സംഘം വ്യാപക തെരച്ചിലിലാണ്.

മുരളിയാണ് പ്രതികളെ കൃത്യം നടന്ന ശേഷം തന്റെ ഇയോൺ കാറിൽ കല്യോട്ട് നിന്ന് രക്ഷപ്പെടുത്തിയത്. ഗംഗാധരന്റെ ബന്ധു കുഞ്ഞിക്കണ്ണന്റെ മകന്റെ ഇന്നോവയാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇയാളും കേസിൽ പ്രതിയാകും.

മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയ പ്രമുഖ വ്യാപാരി വത്സരാജൻ പൊലീസ് കാവലിൽ കല്യോട്ടെ വീട്ടിൽ തന്നെയുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് അന്വേഷണസംഘം കണ്ടെത്തിയ മൂന്നു വാഹനങ്ങളും ശാസ്താ കുടുംബത്തിന്റെതാണ്. ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ച ഒരു വാഹനത്തിൽ രക്തക്കറ കണ്ടെത്തിയതിനാൽ വാഹന ഉടമകളെല്ലാം പ്രതിയാകും.

കൊലയ്ക്ക് ഉപയോഗിച്ചതെന്ന് വരുത്തിത്തീർക്കാൻ തുരുമ്പിച്ച വാൾ കിണറ്റിൽ കൊണ്ടിട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടിട്ട ആളും പ്രതിയായേക്കും.