കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കത്ത്. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതു വരെ വിശ്രമമില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ സംഭവിക്കാൻ പാടില്ലെന്നും രാഹുൽഗാന്ധി കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണൻ എന്നിവർക്ക് അയച്ച കത്തിൽ പറയുന്നു.
ഒരു കാർ കൂടി കണ്ടെത്തി
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് ഒരു കാർ കൂടി ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇത് റിമാൻഡിലുള്ള ജി. ഗിജിന്റെ പിതൃസഹോദരന്റെ കാറാണെന്നാണ് സംശയം. പ്ലാക്കാത്തൊട്ടി തന്നിത്തോട് റോഡരികിലെ പുരുഷോത്തമന്റെ വീടിനു സമീപത്തു നിന്നാണ് കാർ കണ്ടെത്തിയത്. കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കല്യോട്ട് കൂരാങ്കര റോഡിൽ നിന്നു മുന്നൂറു മീറ്ററോളം അകലെയാണ് ഈ വീട്. ക്രൈംബ്രാഞ്ചും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി വിരലടയാളം ശേഖരിച്ചു.