airmarshel

കണ്ണൂർ: കണ്ണൂർ സ്വദേശിയായ എയർ മാർഷൽ രഘുനാഥ് നമ്പ്യാർ പടിഞ്ഞാറൻ വ്യോമസേനയുടെ തലപ്പത്ത്. പടിഞ്ഞാറൻ വ്യോമ കമാൻഡ് മേധാവിയായിരുന്ന ചെങ്ങന്നൂർ സ്വദേശി എയർ മാർഷൽ ചന്ദ്രശേഖരൻ ഹരികുമാർ വിരമിച്ച ഒഴിവിലാണ് നിയമനം. രഘുനാഥ് നമ്പ്യാർ നേരത്തേ കിഴക്കൻ വ്യോമകമാൻഡ് മേധാവിയായിരുന്നു. നമ്പ്യാരുടെ പുതിയ നിയമനത്തിൽ സ്വദേശമായ കണ്ണൂർ- കൂത്തുപറമ്പ് റോഡിലെ കാടാച്ചിറ ആഹ്ളാദത്തിമിർപ്പിലാണ്. വടക്കൻ രാജസ്ഥാനിലെ ബിക്കാനീർ മുതൽ സിയാച്ചിൻ ഗ്ളേസിയർ വരെയുള്ള മേഖലയുൾപ്പെട്ടതാണ് പടിഞ്ഞാറൻ എയർ കമാൻഡ്. ‌ഡൽഹി ആസ്ഥാനമായാണ് പ്രവർത്തനം.

ഫെബ്രുവരി 26ന് ബാലാക്കോട്ടയിലെ ഭീകരക്യാമ്പ് ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്‌തതിൽ നമ്പ്യാരും മുഖ്യപങ്കാളിയായിരുന്നു. 1999ലെ കാർഗിൽ യുദ്ധത്തിൽ ലേസർ നിർമ്മിത ബോംബുകൾ വർഷിച്ച് പാകിസ്ഥാൻ സേനയെ നേരിട്ട നമ്പ്യാരെ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ അഭിനന്ദിച്ചിരുന്നു. കാർഗിൽ യുദ്ധത്തിൽ അഞ്ച് പാകിസ്ഥാൻ പോസ്റ്റുകൾ ബോംബിട്ട് തകർത്തതിനെ തുടർന്ന് 'കാർഗിൽ യുദ്ധവീരൻ" എന്നാണ് നമ്പ്യാർ അറിയപ്പെടുന്നത്.

35 യുദ്ധ വിമാനങ്ങൾ, നിരവധി യാത്രാ വിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവ 4700 മണിക്കൂർ പറത്തിയ പരിചയസമ്പത്തിനുടമയാണ് നമ്പ്യാർ. യുദ്ധവിമാനമായ മിറാഷ് മാത്രം 2300 മണിക്കൂറോളം പറത്തിയിട്ടുണ്ട്. ഇത് വ്യോമസേനയിലെ റെക്കാഡ് കൂടിയാണ്.

നാഷണൽ ഡിഫൻസ് അക്കാഡമിയിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ നമ്പ്യാർ 1980ലാണ് വ്യോമസേനയിൽ ചേരുന്നത്. അതിവിശിഷ്ട സേവാമെഡലും, കാർഗിൽ യുദ്ധത്തിലെ മികച്ച സേവനത്തിനു വ്യോമസേന മെഡലും, എൽ.സി.എ ഫ്ളൈറ്റ് ടെസ്റ്റിംഗിന് വ്യോമസേന മെഡൽബാറും ലഭിച്ചിട്ടുണ്ട്. പരമവിശിഷ്ട സേവാമെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വ്യോമസേനാ മെഡലുകൾ എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടി.

2016ൽ കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി പറന്നിറങ്ങിയ പരീക്ഷണ വിമാനത്തിന്റ പൈലറ്റും ഇദ്ദേഹമായിരുന്നു. കാടാച്ചിറയിലെ പത്മനാഭൻ നമ്പ്യാർ- രാധ ദമ്പതികളുടെ മകനാണ്. ഭാര്യ : ലക്ഷ്മി. മകൻ അശ്വിൻ നമ്പ്യാരും വ്യോമസേനയിലാണ്.