തളിപ്പറമ്പ്:സ്വന്തം പേരിലുള്ള വീട്ടിൽ താമസിക്കാൻ അനുവദിക്കാതെ മകളും മരുമകനും ശാരീരികമായി ഉപദ്രവിക്കുന്നതായുള്ള പരാതിയിൽ വൃദ്ധദമ്പതികൾക്ക് കോടതിയുടെ കനിവ്. നീതി തേടി തളിപ്പറമ്പിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ നിരാഹാരം നടത്തിയ തൃച്ചംബരം സെന്റ് പോൾസ് പള്ളിക്ക് സമീപം താമസിക്കുന്ന ഹെന്റി തോമസ് ,ഭാര്യ മോളി എന്നിവർക്കാണ് കോടതിയിടപെടൽ തുണയായത്. ഇവരെ ഉപദ്രവിക്കുന്നതായ പരാതിയിൽ മകളുടെ ഭർത്താവ് ഡേവിഡ് റാഫേലിനെതിരെ തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ നൽകിയ അന്യായത്തിൽ ഉത്തരവിട്ട ഇഞ്ചക്ഷൻ വിധി പയ്യന്നൂർ സബ്‌കോടതി സ്ഥിരപ്പെടുത്തുകയായിരുന്നു.

സീനിയർ സിറ്റിസൺ എന്ന നിലയിൽ തന്റെ പരാതി അടിയന്തിരമായി പരിഗണിക്കണമെന്ന് തൃച്ചംബരം സെന്റ് പോൾസ് പള്ളിക്ക് സമീപം താമസിക്കുന്ന ഹെന്റി തോമസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പയ്യന്നൂർ സബ്‌കോടതി പരാതി അടിയന്തിരമായി പരിഗണിച്ചത്. ഹെന്ററി തോമസിനേയും ഭാര്യ മോളിയേയും ഡേവിഡ് റാഫേൽ മർദ്ദിച്ചതിനാൽ പരിക്കേറ്റ് നിരവധി തവണ ആശുപത്രിയിൽ ചികിത്സ തേടിയ കാര്യം കോടതിയിൽ ബോധിപ്പിച്ചിരുന്നു. പൊലീസിലും തലശേരി ആർ.ഡി.ഒ മുമ്പാകെയും ഇത് സംബന്ധിച്ച് പരാതികൾ നൽകിയിരുന്നു. താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ഈ ദമ്പതികൾ നിരാഹാര സമരവും നടത്തിയിരുന്നു. ഡേവിഡ് റാഫേലോ ബന്ധുക്കളോ ഹെന്റി തോമസിന്റെ ഭവനത്തിൽ അതിക്രമിച്ച് കയറാൻ പാടില്ലെന്നും ഭവനം സമാധാനപരമായി കൈവശം വച്ച് അനുഭവിക്കുന്നതിൽ ഇടപെടരുടെന്നും കോടതിവിധിയിൽ നിർദ്ദേശമുണ്ട്.

പെൺകുട്ടികൾക്കുള്ള ഗ്രാസ്രൂട്ട് ഫുട്‌ബോൾ പരിശീലനം

കിക്കോഫ് നാളെ ആരംഭിക്കും

പയ്യന്നൂർ: ലോക ഫുട്‌ബോളിൽ ഇന്ത്യയെ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന കായിക – യുവജന വകുപ്പ് നടപ്പാക്കുന്ന ഗ്രാസ് റൂട്ട് ഫുട്‌ബോൾ പരിശീലന പരിപാടിയായ 'കിക്കോഫിന്റെ' പെൺ കുട്ടികൾക്കുള്ള പരിശീലന – സെലക്ഷൻ ക്യാമ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് നടക്കുന്ന സെലക്ഷന്റേയും ക്യമ്പിന്റേയും ഉദ്ഘാടനം സന്തോഷ് ട്രോഫി നേടിയ കേരള ടീം ഗോൾ കീപ്പർ മിഥുൻ നിർവ്വഹിക്കും. ഇന്ത്യൻ വനിതാ ജൂനിയർ ഫുട്‌ബോൾ ടീം മുൻ ചീഫ് കോച്ചായിരുന്ന പ്രിയ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

2007, 2008 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടി സംസ്ഥാനത്തെ 18 സെന്ററുകളിൽ ആരംഭിച്ചിരുന്നു. ഇതേ പ്രായപരിധിയിലുള്ള പെൺകുട്ടികൾക്കുള്ള ഫുട്‌ബോൾ പരിശീലന പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യത്തെ സെന്ററായി പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻ‌ഡറി സ്‌കൂളിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ലോക റാങ്കിംഗിൽ വളരെ പിന്നോക്കം നിൽക്കുന്ന ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ശാരീരിക മികവുള്ള കുട്ടികളെ ചെറുപ്രായത്തിലേ കണ്ടെത്തി അവർക്ക് പ്രൊഫഷണൽ സമീപനത്തിലൂന്നിയ ദീർഘകാല പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയത കുട്ടികൾക്കാണ് സെലക്ഷൻ ട്രയലിൽ പങ്കെടുക്കാൻ പറ്റുക. സെലക്ഷൻ നടക്കുന്ന 2 ന് രാവിലെ തത്സമയ രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യുന്ന മുഴുവൻ കുട്ടികൾക്കും വേണ്ടിയുള്ള പ്രാഥമിക സെലക്ഷൻ ട്രയൽസ് 2019 മാർച്ച് 2 ന് രാവിലെ 8 മണിക്ക് പയ്യന്നൂർ ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൌണ്ടിൽ നടക്കുന്നതാണ്. പ്രാഥമിക സെലക്ഷനിൽ നിന്ന് കണ്ടെത്തുന്ന 50 പേർക്ക് വേണ്ടി 4 ദിവസം പ്രിപ്പറേറ്ററി ക്യാമ്പ് നടത്തുന്നതും, അതിനുശേഷം ഇവർക്കായി ഫൈനൽ സെലക്ഷൻ നടത്തുന്നതുമാണ്. ഫൈനൽ സെലക്ഷനിൽ കണ്ടെത്തുന്ന 25 പേരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. തെരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം പരിശീലനം, ലഘുഭക്ഷണം, സ്‌പോർട്‌സ് കിറ്റ്, എന്നിവ നൽകുന്നതും ഇന്റർ സെന്റർ മത്സരങ്ങൾ , വിദേശ വിദഗ്ദ കോച്ചുകളുടെ സാങ്കേതിക സഹായങ്ങൾ എന്നിവ ലഭ്യമാക്കുന്നതുമാണ്. മുഴുവൻ കായിക പ്രേമികളേയും ഫുട്‌ബോൾ ആരാധകരേയും പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി എം.എൽ.എ സി .കൃഷ്ണൻ അറിയിച്ചു.