മട്ടന്നൂർ: ഹാൻഡ് ബാഗുകൾക്കുള്ള ടാഗിംഗ് ഒഴിവാക്കിയതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ കൂടി .2019 ഫെബ്രുവരി 26 മുതൽ ഈ ഉത്തരവ് ഡൊമസ്റ്റിക് ,ഇന്റർനാഷണൽ ഭേദമെന്യേ പ്രാബല്യത്തിൽ വന്നു . പ്രവർത്തനം തുടങ്ങി വെറും മൂന്ന് മാസങ്ങൾക്കുമുമ്പ് തന്നെ ഇത്തരത്തിലൊരു സംവിധാനം നടപ്പിലാക്കുവാൻ കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളത്തിന് കഴിഞ്ഞുവെന്നത് പ്രശംസനീയമാണ് .
സെക്യൂരിറ്റി ചെക്കിന്റെ സമയത്തു ഹാൻഡ് ബാഗുകളിൽ ടാഗ് ചെയ്യുന്ന സംവിധാനം ഒഴിവാക്കുന്നത് യാത്രക്കാർക്കു ഏറെ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ .ഒപ്പം സ്റ്റേഷനറി ചെലവും ഗണ്യമായി കുറയ്ക്കുവാൻ ഈ സംവിധാനം ഒഴിവാക്കുന്നത് വഴി സാധിക്കും . ഫെബ്രുവരി 22 ന് പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി കണ്ണൂർ എയർപോർട്ടിന് ഇത്തരം ഒരു സൗകര്യത്തിനു അനുമതി നൽകിയത്. കണ്ണൂർ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ വി .തുളസിദാസ്, എയർപോർട്ടിലെയും സെക്യൂരിറ്റി വിഭാഗത്തിലെയും ബന്ധപ്പെട്ട ജീവനക്കാരെ അനുമോദിച്ചു.
കൊട്ടിയൂരിൽ മഹാശിവരാത്രി ആഘോഷം
കൊട്ടിയൂർ: ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷവും ലക്ഷം ദീപസമർപ്പണവും തിങ്കളാഴ്ച നടക്കും. ശിവരാത്രി ദിവസം രാവിലെ ആരംഭിക്കുന്ന ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 6.30 നാണ് ലക്ഷം ദീപ സമർപ്പണം. തുടർന്ന് ഭജനയും ആദ്ധ്യാത്മിക പ്രഭാഷണവും നടക്കും. വിവിധ മത്സരങ്ങളിൽ മികവു തെളിയിച്ച പ്രാദേശിക പ്രതിഭകളെ ആദരിക്കും. കലാപരിപാടികൾക്ക് ശേഷം കോഴിക്കോട് കലാക്ഷേത്രയുടെ നാടകം അരങ്ങേറും. ശിവരാത്രിയോടനുബന്ധിച്ച് രാവിലെ 5 മണി മുതൽ 9.30 വരെ ബാവലിപ്പുഴയിൽ ബലിതർപ്പണത്തിനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
മട്ടന്നൂരിൽ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി
മട്ടന്നൂർ:മട്ടന്നൂർ നിയോജകമണ്ഡലത്തിൽ 11 റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടി രൂപ അനുവദിച്ചതായി വ്യവസായ മന്ത്രി ഇ. പി. ജയരാജൻ അറിയിച്ചു. ഏച്ചിക്കുന്നൽ വട്ടപ്പറമ്പ് റോഡ് (തില്ലങ്കേരി പഞ്ചായത്ത്) പത്ത് ലക്ഷം, ഒറവക്കുണ്ട് വടക്കുമ്പേത്ത് റോഡ് (കീഴല്ലൂർ പഞ്ചായത്ത്) പത്ത് ലക്ഷം, ചുണ്ടോൽ നാലുപെരിയ ശ്മശാനം റോഡ് (കൂടാളി പഞ്ചായത്ത്) എട്ട് ലക്ഷം, 24ാം മൈൽ ചെക്ക്യേരി റോഡ് (കോളയാട് പഞ്ചായത്ത്) പത്ത് ലക്ഷം, കോയിലോട് വയൽ മുട്ടുചിറ റോഡ് (മാങ്ങാട്ടിടം പഞ്ചായത്ത്) പത്ത് ലക്ഷം, മൂലക്കരി എസ്‌റ്റേറ്റ് പറമ്പ് പൂവത്തൂർ അമ്പലം റോഡ് (കൂടാളി പഞ്ചായത്ത്) എട്ട് ലക്ഷം, നെടിയോടി അയ്യൻകോവിൽ അമ്പലം റോഡ് (പടിയൂർ പഞ്ചായത്ത്) എട്ട് ലക്ഷം, തോലമ്പ്ര സ്‌കൂൾ കുന്നത്ത്‌പൊയിൽ റോഡ് (മാലൂർ പഞ്ചായത്ത്) പത്ത് ലക്ഷം, പാലുകാച്ചിപ്പാറ പട്ടാരി റോഡ് പൂവംപൊയിൽ വരെ (മാലൂർ പഞ്ചായത്ത്) എട്ട് ലക്ഷം, അത്തൂർ കോളനി റോഡ് (കോളയാട് പഞ്ചായത്ത്) പത്ത് ലക്ഷം, കലിഞ്ഞാൽ മില്ലൂമുക്ക് റോഡ് (പടിയൂർ പഞ്ചായത്ത്) എട്ട് ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.
സർവ്വകക്ഷി അനുശോചനം
പയ്യന്നൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും പയ്യന്നൂർ കോളേജ് മുൻ സുവോളജി വിഭാഗം തലവനുമായിരുന്ന പ്രൊഫ. ടി.പി. ശ്രീധരന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു . ഗാന്ധി പാർക്കിൽ നടന്ന അനുശോചന യോഗത്തിൽ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. സി.കൃഷ്ണൻ എം.എൽ.എ, ടി.ഐ മധുസൂദനൻ, കെ.പി. മധു, കെ.ജയരാജ്, എം. രാമകൃഷ്ണൻ, പി.വി. ദാസൻ, പി. ജയൻ, കെ.ടി. സഹദുല്ല, ബി.സജിത്‌ലാൽ, ഇക്ബാൽ പോപുലർ, എ.വി. തമ്പാൻ, കെ.സി. ലതികേഷ്, എം.ദിവാകരൻ, ടി.ഗംഗാധരൻ, വി.കെ. നിഷ, വി.കെ. ബാബൂരാജ് തുടങ്ങിയവർ പങ്കെടുത്തു. വെള്ളായാഴ്ച രാവിലെ പയ്യന്നൂർ ഗാന്ധി പാർക്കിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവർ അന്തിമോപചാരമർപ്പിച്ചു.
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു
ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കിൽ ആധുനിക സൗകര്യത്തോടെ പ്രവർത്തനം ആരംഭിച്ച സ്‌കൈ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ വീഡിയോ കോൺഫറൻസിലുടെ നിർവ്വഹിച്ചു.ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ എ അദ്ധ്യക്ഷത വഹിച്ചു ഇരിട്ടി നഗരസഭ ചെയർമാൻ പി.പി അശോകൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി റോസമ്മ സിനിമ താരം ദേവൻ ഹ്യൂമൺ റൈറ്റ്‌സ് ജനറൽ സെക്രട്ടറി കെ.എം ജയരാജൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു ഡോടി.പി നാരായണൻ സ്വാഗതവും ഡോഅബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു.